ദർബംഗ: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാറിലെ ദർബംഗ ജില്ലയിൽ രണ്ടുപേർ അറസ്റ്റിൽ. ബിറോൾ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പരീക്ഷ എഴുതാൻ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് സ്വന്തം ഗ്രാമത്തിലുള്ള യുവാവ് ബൈക്കിൽ ലിഫ്റ്റ് നൽകുകയായിരുന്നു. മുൻപരിചയമുള്ളതിനാൽ പെൺകുട്ടി ഇയാളുടെ ഒപ്പം കയറി. എന്നാൽ നേരെ വീട്ടിലേക്ക് പോകുന്നതിന് പകരം മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിനൊപ്പം ചേർന്ന് ഇവർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും, തുടർന്ന് കുടുംബാംഗങ്ങൾ ബിറോൾ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ജഗനാഥ് റെഡ്ഡിയുടെ നിർദേശപ്രകാരം എസ്ഡിപിഒ പ്രഭാകർ തിവാരിയുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
കൃത്യത്തിനായി ഉപയോഗിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.