ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടർന്ന് പരിശോധന തുടരുകയാണ്.
15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഡൽഹി സർവകലാശാല സൗത്ത് കാമ്പസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സത്യനികേതന് സമീപമുള്ള ഹോട്ടൽ ഡെയ്സ് എന്ന ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് അവധിയിലായിരുന്ന ആരോഗ്യപ്രവർത്തകരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
ഞായറാഴ്ചയായിരുന്നതിനാൽ കെട്ടിടങ്ങളിൽ പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോസ്റ്റൽ റജിസ്റ്റർ പരിശോധിച്ചാൽ മാത്രമേ എത്ര പേർ കുടുങ്ങിയെന്ന് കൃത്യമായി പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര ദ്രുത കർമ സേനയുൾപ്പെടെ സ്ഥലത്തെത്തി.