പൊൻകുന്നം: പൊൻകുന്നത്തിന്റെ ജനകീയ ഡോക്ടർ കണയംപ്ലാക്കൽ ഡോ.കെ.ജെ. ജോൺ (87) ഓർമയായി. കൊപ്രാക്കളം ഗുഡ് സമരിറ്റൻ എന്ന ആശുപത്രിയിലൂടെ മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായിരുന്ന ഡോ. കെ.ജെ. ജോൺ ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്. രണ്ടാഴ്ചയോളമായി ശാരീരികാവശതകൾ മൂലം രോഗക്കിടക്കയിലാകും വരെ കൊപ്രാക്കളം സിസിലിയാമ്മ മെമ്മോറിയൽ ഗുഡ് സമരിറ്റൻ ആശുപത്രി എന്ന സ്വന്തം ചികിത്സാലയത്തിൽ എന്നുമുണ്ടായിരുന്നു.
ചുങ്കപ്പാറയിലായിരുന്നു ആശുപത്രി സേവനത്തിന്റെ തുടക്കം. തുടർന്ന് പൊൻകുന്നം കെവിഎംഎസ്, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ്, ചെങ്ങളം മേഴ്സി ആശുപത്രി, കോട്ടയം ഭാരത് എന്നീ ആശുപത്രികളിൽ സേവനം ചെയ്തിരുന്നു. 50 വർഷം മുന്പാണ് കൊപ്രാക്കളത്ത് സ്വന്തമായി ആശുപത്രി തുടങ്ങിയത്. ഗുഡ് സമരിറ്റൻ എന്ന ആശുപത്രി ഭാര്യയുടെ മരണത്തോടെയാണ് സിസിലിയാമ്മ മെമ്മോറിയൽ എന്ന പേരിട്ടത്.
ഡോ.കെ.ജെ. ജോണിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ നടക്കും.