കൊച്ചി: ബിജെപിക്കുള്ളില്‍ താൻ കടുത്ത ജാതിവിവേചനമാണ് നേരിടുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ഡോ. ടി.എന്‍. സരസു. പാര്‍ട്ടിയിലെ ദളിത് വിഭാഗത്തോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അഖില്‍ ഭാരത് ഹിന്ദു മഹാസഭ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവർ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയതായും അവർ പറഞ്ഞു. സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാൽ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തിന് ഇറങ്ങാൻ താല്പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം അത് തടയുകയായിരുന്നു. എട്ട് വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും തന്റെ ജാതിയാണ് പലർക്കും പ്രശ്നമെന്നും അവർ തുറന്നടിച്ചു.
പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരിക്കെ വിരമിക്കുന്ന ദിവസം എസ്എഫ്ഐ പ്രവർത്തകർ പ്രതീകാത്മക ശവകുടീരം ഒരുക്കിയ സംഭവത്തിലൂടെയാണ് ഡോ. സരസു വാർത്തകളിൽ നിറഞ്ഞത്.