വാഗമണിൽ ഡ്രാക്കുള കോട്ടയോ! മലയാളനാടും ഡ്രാക്കുളയുമായി എന്തു ബന്ധം? ബ്രാം സ്റ്റോക്കറെ അനുകരിച്ച് ചില കോട്ടയം എഴുത്തുകാർ, പ്രേതകഥകൾ തങ്ങളുടെ കൽപനകൾക്കനുസരിച്ച് എഴുതിപ്പിടിപ്പിച്ച തുടരൻ നോവലുകളിലൊന്നും വാഗമണിലെ ഡ്രാക്കുള കോട്ടയെക്കുറിച്ചു പരാമർശമില്ല. എന്നാൽ, വാഗമണിലെ ഈ ഡ്രാക്കുള കോട്ടയുടെ കഥകർക്കു വർഷങ്ങളുടെ പഴക്കമുണ്ട്. സത്യത്തിൽ, അതൊരു ഡ്രാക്കുള കോട്ടയൊന്നുമല്ല. ബ്രിട്ടീഷുകാർ നിർമിച്ച ദേവാലയമാണ്. അതിനെക്കുറിച്ചു നാട്ടിൽ പല കഥകളുമുണ്ട്. അതിലൊന്നാണ് ഡ്രാക്കള കോട്ട പരിവേഷവും.
ലൂസിഫർ എന്ന മോഹൻലാൽ സിനിമയാണ് ആ ദേവാലയത്തെ പ്രശസ്തിയിലെത്തിച്ചത്. ചില സിനിമകൾ റിലീസ് ചെയ്തുകഴിയുന്പോഴേക്കും ലൊക്കേഷൻ വിസ്മൃതിയിലേക്കു മറയുകയാണു പതിവ്. എന്നാൽ, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ വൻ ഹിറ്റ് ആയതോടെ പള്ളിയും സൂപ്പർഹിറ്റ് ആയി. ലൂസിഫർ പുറത്തിറങ്ങിയിട്ടു വർഷങ്ങൾ പിന്നിടുന്പോഴും ലൊക്കേഷൻ കാണാൻ ഇന്നും ജനങ്ങളെത്തുന്നു. അവധി ദിവസങ്ങളിൽ ധാരാളം സഞ്ചാരികളാണ് അവിടെയെത്താറുള്ളത്.
ചീന്തലാർ എസ്റ്റേറ്റിലെ സെന്റ് ആൻഡ്രൂസ് സിഎസ്ഐ ദേവാലയമാണ് സിനിമയിൽ കാണിക്കുന്നത്. മോഹൻലാലിന്റെ സ്റ്റീഫൻ നെടുന്പള്ളിയോടൊപ്പം ലൂസിഫർ പള്ളി എന്ന പുതിയ വിളിപ്പേരോടെ സിഎസ്ഐ ദേവാലയവും ജനങ്ങൾക്കിടയിൽ തരംഗമായി. തേയിലത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന പള്ളി ഇപ്പോൾ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.