നെടുങ്കണ്ടം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതോടെ നെടുങ്കണ്ടം മേഖലയില്‍ ലഹരിവില്‍പ്പനക്കാര്‍ പുതുവഴി തേടുന്നു.
പ്രധാന റോഡുകളിലും ടൗണ്‍ കേന്ദ്രീകരിച്ചുമുള്ള പരിശോധന ശക്തമായതോടെയാണ് കാടുപിടിച്ച പ്രദേശങ്ങളും ഒറ്റപ്പെട്ട ഇടവഴികളും ലഹരിവില്പനയ്ക്കായി ഉപയോഗിക്കുന്നതെന്നാണ് വിവരം.കല്ലാര്‍ മുതല്‍ തൂക്കുപാലം വരെയുള്ള പ്രധാന റോഡുകളിലെ ആളൊഴിഞ്ഞ ഇടവഴികള്‍, കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍, വിജനമായ പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരി കൈമാറ്റം നടക്കുന്നതായി വിവരം.
വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന ശക്തമായതോടെ നേരിട്ട് പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വില്പനക്കാര് ഇത്തരം സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. കഞ്ചാവ്, രാസലഹരിവസ്തുക്കള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പനയും വിതരണവും മേഖലയില്‍ തുടരുന്നതായാണ് വിവരം. ചെറിയ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ് ആവശ്യക്കാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതെന്നും സൂചനയുണ്ട്.