പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതോടെ നെടുങ്കണ്ടം മേഖലയില്‍ ലഹരിവില്‍പ്പനക്കാര്‍ പുതുവഴി തേടുന്നു.
പ്രധാന റോഡുകളിലും ടൗണ്‍ കേന്ദ്രീകരിച്ചുമുള്ള പരിശോധന ശക്തമായതോടെയാണ് കാടുപിടിച്ച പ്രദേശങ്ങളും ഒറ്റപ്പെട്ട ഇടവഴികളും ലഹരിവില്പനയ്ക്കായി ഉപയോഗിക്കുന്നതെന്നാണ് വിവരം.കല്ലാര്‍ മുതല്‍ തൂക്കുപാലം വരെയുള്ള പ്രധാന റോഡുകളിലെ ആളൊഴിഞ്ഞ ഇടവഴികള്‍, കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍, വിജനമായ പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരി കൈമാറ്റം നടക്കുന്നതായി വിവരം.
വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന ശക്തമായതോടെ നേരിട്ട് പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വില്പനക്കാര് ഇത്തരം സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. കഞ്ചാവ്, രാസലഹരിവസ്തുക്കള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പനയും വിതരണവും മേഖലയില്‍ തുടരുന്നതായാണ് വിവരം. ചെറിയ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ് ആവശ്യക്കാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതെന്നും സൂചനയുണ്ട്.
തൊഴിലാളികളെ ലക്ഷ്യമിട്ട് ഇടനിലക്കാര്‍
നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥാപനങ്ങളിലും ഏലത്തോട്ടങ്ങളിലും നിര്മാണമേഖലകളിലുമായി ഏകദേശം രണ്ടായിരത്തോളം അതിഥിത്തൊഴിലാളികള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരെ ലക്ഷ്യമിട്ടും ലഹരിവില്പന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളിലേക്കു നേരിട്ട് എത്താതെ ഇടനിലക്കാരെ ഉപയോഗിച്ചാണ് ലഹരിവസ്തുക്കള്‍ കൈമാറുന്നതെന്നാണ് സൂചന. ആവശ്യക്കാരുമായി ബന്ധപ്പെടുകയും സ്ഥലവും സമയവും നിശ്ചയിച്ച് ആളൊഴിഞ്ഞ ഇടങ്ങളില്‍ എത്തിച്ചുനല്‍കുകയും ചെയ്യുന്ന രീതിയാണ് ചില സംഘങ്ങള്‍ പിന്തുടരുന്നതെന്നാണ് വിവരം.
ലഹരി ഉപയോഗം യുവാക്കളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വില്പന തടയുന്നതിനൊപ്പം അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നിരീക്ഷണം വേണം
പ്രധാന റോഡുകളിലും വ്യാപാരകേന്ദ്രങ്ങളിലും പരിശോധന നടക്കുമ്പോള്‍ ലഹരിവില്പനക്കാര് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു മാറുന്നത് അികൃതര്‍ ഗൗരവമായി കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലും ആളൊഴിഞ്ഞ ഇടവഴികളലും പരിശോധന നടത്തുകയും വേണം.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരിവില്പനയും ഉപയോഗവും തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരുകയാണ്. ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണികളെ കണ്ടെത്തുന്നതിനൊപ്പം ഇടനിലക്കാരെയും നിരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
ലഹരിവില്പനയുടെ രീതികള്‍ മാറുമ്പോള്‍ പരിശോധനയും നിരീക്ഷണവും അതിനനുസരിച്ച് വ്യാപിപ്പിക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
Tags : District News Nattuvishesham Operation Toofan Drug Mafia New Avenues