സുൽത്താൻ ബത്തേരി: ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കി പരിസ്ഥിതി ലോല മേഖല(ഇഎസ് എ) വിജ്ഞാപനം ചെയ്യണമെന്ന് മികച്ച കർഷകരെ ആദരിക്കുന്നതിന് അസംപ്ഷൻ ഫൊറോന പള്ളിയിൽ കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. വിവാദ വിജ്ഞാപനങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് കർഷകരുടെ ആശങ്കകൾക്ക് വ്യക്തത വരുത്തണം.
ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയുടെ വിപണിമൂല്യം കുത്തനെ ഇടിയാനും ബാങ്കുകളിൽ ഭൂമി ഈടായി നൽകി വായ്പകൾ എടുക്കുന്നതിനും തടസം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്.
കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാകണം പരിസ്ഥിതി സംരക്ഷണ നടപടികളെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് മണക്കുന്നേൽ കർഷകരെ പൊന്നാട അണിയിച്ചു.കഠിനാധ്വാനത്തിന് സമൂഹത്തിൽനിന്നു ലഭിക്കുന്ന അംഗീകാരം കർഷകരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കാനും യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.
ജേക്കബ് മുക്കത്ത് അധ്യക്ഷത വഹിച്ചു. സാജു പുലിക്കോട്ടിൽ, ചാൾസ് വടശേരി, ഒൗസേപ്പച്ചൻ തേക്കാനത്ത്, അലക്സ് കോരമംഗലം, വിൻസന്റ് റാത്തപ്പള്ളി, ബോബൻ കരിക്കേടം എന്നിവർ പ്രസംഗിച്ചു.