കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻഎസ്എസ് യൂണിറ്റ്, റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിന്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിൽ വിവിധ ഔട്ട്റീച്ച് പരിപാടികൾ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ്. ടി. മൂലയിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.സി. അനുപമ അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്എസ് എൻഎസ്എസ് കോഓർഡിനേറ്റർ എം. ജൂലി, ലിറ്റററി ഫോറം കോഓർഡിനേറ്റർ എസ്. സുമി എന്നിവർ പ്രസംഗിച്ചു.
കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. പി.പി. അഞ്ജലി ബോധവത്കരണ ക്ലാസ് നയിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോളജ് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകദാനവും നടത്തി. കോളജ് ലൈബ്രേറിയൻ കെ. വിന്നില മാത്യു, കോളജ് എൻഎസ്എസ് കോ-ഓർഡിനേറ്റർ ലിജോ ടി. ജോർജ്, എൻഎസ്എസ് അംഗങ്ങൾ, റീഡിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.