പൊൻകുന്നം: വാഴൂർ പഞ്ചായത്തിൽ ഇന്നും നാളെയും പരിസ്ഥിതി മഹോത്സവം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പരിസ്ഥിതി സ്നേഹികൾക്കുമായാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മണിമലയാർ എന്ന പേരിൽ രൂപകല്പന ചെയ്ത വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പരിപാടി നടത്തുന്നത്. കേരളത്തിൽ ആദ്യമായാണ് പഞ്ചായത്ത് പദ്ധതിയിൽ ഇത്തരമൊരു പരിപാടി. പരിസ്ഥിതി മഹോത്സവത്തിന്റെ പ്രസിഡന്റ് വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവിയും സ്വാഗതസംഘം ചെയർമാൻ പരിസ്ഥിതി പ്രവർത്തകൻ കെ. ബിനുവുമാണ്.
ഇന്നു രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ, 10ന് സമ്മേളനം പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവി അധ്യക്ഷത വഹിക്കും. കെ. ബിനു പദ്ധതി പരിചയപ്പെടുത്തും.
ഹരിതസേനാംഗങ്ങളെ ആദരിക്കും. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് സന്ദേശം നൽകും. 11.20ന് വനശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് ക്ലാസ് നയിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ. വി. അമ്പിളി, സന്തോഷ് അറയ്ക്കൽ, ഡോ. മാത്യു ജേക്കബ് എന്നിവർ ക്ലാസെടുക്കും. 5.45ന് ഭട്ടാസ്യ നൃത്തം, 6.20ന് പരിസ്ഥിതി ചലച്ചിത്രമേള ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ പി.എം. പ്രഭു ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 6.30ന് യോഗ, 7.30ന് പ്രകൃതിനടത്തം ഉദ്ഘാടനം മുൻ എംഎൽഎ ഡോ.എൻ. ജയരാജ്, 10ന് ഡോ. അപർണ പുരുഷോത്തമനുമായി മുഖാമുഖം, 11.30ന് ആലങ്കോട് ലീലാകൃഷ്ണൻ ക്ലാസ് നയിക്കും. രണ്ടിന് പരിസ്ഥിതി ക്വിസ്. നാലിന് സമാപനസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിക്കും.
ഉത്സവത്തിന്റെ ഭാഗമായി ചെടികളുടെയും ഫലവൃക്ഷത്തൈകളുടെയും പ്രദർശനവും വില്പനയും പരിസ്ഥിതി പുസ്തകങ്ങളുടെ പ്രദർശനവുമുണ്ട്. ഇന്നു കാർഷിക വികസനസമിതിയുടെ നാട്ടുചന്തയും നടത്തും.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.എസ്. പുഷ്കലാദേവി, ചെയർമാൻ കെ. ബിനു, ജനറൽ കൺവീനർ മനോജ് ചാക്കോ, സെക്രട്ടറി എം. സൗമ്യ, സ്ഥിരംസമിതി അധ്യക്ഷ പി.ജെ. ശോശാമ്മ എന്നിവർ പങ്കെടുത്തു.