എറിയാട്: പഞ്ചായത്തിൽ ഭൂമി നികത്തൽ മാഫിയയുടെ മാരകമായ രാസമാലിന്യനിക്ഷേപം കൊണ്ട് തണ്ണീർത്തടങ്ങളിലും നീർച്ചാലുകളിലും വിഷം കലർത്തി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എൻഡോസൾഫാൻ ബാധിത പ്രദേശമായ എൻമകജെയുടെ ദുർവിധി എറിയാട് പ്രദേശത്തിന് ഉണ്ടാവരുതെന്ന് എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു.
ഭാവിതലമുറയെപ്പോലും ഗുരുതരമായ രോഗബാധയിലേക്ക് എത്തിക്കുന്ന ഈ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണേണ്ടിടത്ത് തികഞ്ഞ നിസംഗതയോടെയാണ് എറിയാട് ഗ്രാമപഞ്ചായത്ത് ഭരണനേതൃത്വം പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറിയാട് അഴീക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എ. മുഹമ്മദ് സഗീർ, കെ.എം. സാദത്ത് എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ ധർണയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ്സി.പി. തമ്പി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ടി.എം. നാസർ, പി.എച്ച്. മഹേഷ്, പി.കെ. ഷംസുദീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ് പി.ബി. മൊയ്തു, യുഡിഎഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം കയ്പമംഗലം, പെൻഷണേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞു മൊയ്തീൻ തുടങ്ങിയവർ പ്രസംഗിച്ചു.
തഹസിൽദാരുടെ ഓഫീസിനുമുമ്പിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ്
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ നിക്ഷേപിച്ച രാസമാലിന്യം കലർന്ന മണ്ണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ കൊടുങ്ങല്ലൂർ തഹസിൽദാരുടെ ഓഫീസിൽ കുത്തിയിരുന്നു. രാസമാലിന്യം നിക്ഷേപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, രാസമാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം റവന്യൂ വകുപ്പ് ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം ജനപ്രതിനിധികൾ തഹസിൽദാർക്കു നൽകി.
എറിയാട് പഞ്ചായത്തിലെ എൽഡിഎഫ് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളാണ് ഇന്നലെ രാവിലെ 10.30ന് തഹസിൽദാരുടെ ഓഫീസിലെത്തി നിവേദനം നൽകി കുത്തിയിരുന്നത്. ജനപ്രതിനിധികളുമായി ചർച്ച നടത്തിയശേഷം തഹസിൽദാർ ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചു.
ഭൂ ഉടമകൾക്കും രാസമാലിന്യംകൊണ്ടുവന്ന് തണ്ണീർത്തടങ്ങളും ഭൂമിയും നികത്തിയവർക്കുമെതിരെ കേസെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകിയതായും ദുരന്തനിവാരണ പരിധിയിൽ ഉൾപ്പെടുത്തി രാസമാലിന്യം നീക്കംചെയ്യണമെന്ന് സർക്കാരിനോടാവശ്യപ്പെടുമെന്നും ജില്ലാ ഭരണാധികാരികൾ ഉറപ്പുനൽകിയതായി തഹസിൽദാർ അറിയിച്ചതോടെയാണ് ജനപ്രതിനിധികൾ കുത്തിയിരുപ്പുസമരം അവസാനിപ്പിച്ചത്.
രാസമാലിന്യം നീക്കംചെയ്യുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് എറിയാട് പഞ്ചായത്ത് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ പറഞ്ഞു.
ജില്ലാപഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.പി. സ്നേഹലത, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. ഹാരിസ്, സരിത പുരുഷൻ, വി.ആർ. റെനീഡ് എന്നിവർ നേതൃത്വം നൽകി.