തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യം, സ്പിരിറ്റ്, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ നിർമാണം, സംഭരണം, കടത്ത്, വിൽപ്പന എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ജാഗ്രതാ നിർദേശങ്ങളും കർശന പരിശോധനാ മാർഗനിർദേശങ്ങളും കൈമാറിയിട്ടുണ്ട്.
ഓണക്കാലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധന, രഹസ്യാന്വേഷണം, പ്രത്യേക റെയ്ഡുകൾ, അതിർത്തി മേഖലകളിലെ നിരീക്ഷണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
സ്പെഷൽ ഡ്രൈവ് ആരംഭിച്ചതിനുശേഷം അനധികൃത സ്പിരിറ്റ് കടത്തിനെതിരായ രണ്ട് പ്രധാന കേസുകൾ സംസ്ഥാനത്ത് കണ്ടെത്തി. പയ്യന്നൂർ എക്സൈസ് നടത്തിയ പരിശോധനയിൽ 7,000 ലിറ്റർ അനധികൃത സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു.
അങ്കമാലി എക്സൈസ് നടത്തിയ മറ്റൊരു പരിശോധനയിൽ 1,200 ലിറ്റർ അനധികൃത സ്പിരിറ്റും പിടിച്ചെടുത്തു. ഈ രണ്ട് കേസുകളിലെയും തുടരന്വേഷണം ത്വരിതഗതിയിൽ പുരോഗമിച്ചുവരികയാണ്.