എലിക്കുളം: പഞ്ചായത്തിലെ കോക്കാട്ട് ഇടയ്ക്കാട്ട് പാടശേഖരത്തിൽ നെൽകൃഷി സാധ്യമാക്കുന്നതിന് യത്നിച്ച കോക്കാട്ട് മാത്യു തോമസിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് പൊന്നാടയണിയിച്ച് ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ പുരസ്കാരവും ഡ്രാഗൺ ഫ്രൂട്ട് പഴക്കൂടയും സമ്മാനിച്ചു.
എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മാത്യു കോക്കാട്ട് ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ആസ്ഥാനമന്ദിരം പണിയുന്നതിനായി മല്ലികശേരി അമ്പലവയലിൽ പത്തു സെന്റ് സ്ഥലം സംഭാവനയായി നൽകിയിരുന്നു. ഈ സ്ഥലത്ത് റെസിഡൻഷ്യൽ ഡോർമെട്രി, കോൺഫറൻസ് ഹാൾ, ഓഫീസ് റൂമുകൾ എന്നിവയുൾപ്പെടുന്ന കെട്ടിടം രൂപപ്പെടുത്തുന്നതിനുള്ള ആലോചനയിലാണ് സംഘാടകർ. രക്തശാലി നെല്ലിനം, ചെറുധാന്യങ്ങൾ, എള്ള് എന്നിവയുടെ കൃഷിയും എട്ടേക്കർ പാടത്ത് നടത്തിയിരുന്നു.
പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, ജോഷി കെ. ആന്റണി, വി.ഐ. അബ്ദുൾ കരീം, ജിബിൻ എസ്. ജോൺ, കൃഷി ഓഫീസർ കെ. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.