ഇരിങ്ങാലക്കുട: എഫ്സിആര്‍എ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സ് റദ്ദാക്കപ്പെടുകയോ, പുതുക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനങ്ങളും സ്വത്തുവകകളും ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന തീരുമാനം ഏറെ ഉത്കണ്ഠയും ആശങ്കയുമുണ്ടാക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
ക്രൈസ്തവ സമൂഹം പണ്ടുകാലം മുതല്‍തന്നെ വിദേശ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചാണ് ആരാധനാലയങ്ങള്‍, സ്കൂളുകള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ഇവ സ്വീകരിക്കുന്നത് രാജ്യത്തു നിലവിലുള്ള എഫ്സിആര്‍എ നിബന്ധനകള്‍ അനുസരിച്ചാണ്.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ബോധപൂര്‍വമായ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്ചേര്ന്ന കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷതവഹിച്ചു.
ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യപ്രഭാഷണംനടത്തി. ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി സംസാരിച്ചു.