തലശേരി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) സംബന്ധിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ അവസാന കരട് വിജ്ഞാപനം മലയോര ജനതയ്ക്ക് അനിശ്ചിതത്വവും ഭീതിയും സൃഷ്ടിക്കുന്ന നടപടിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ.
2024ലെ കരട് വിജ്ഞാപനത്തിന്റെ ആവർത്തനം മാത്രമായ ഈ കരട്, ജനങ്ങളുടെ എതിർപ്പുകളെയും സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകളെയും പൂർണമായും അവഗണിക്കുന്ന സമീപനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ മലയോരങ്ങളിൽ അധ്വാനിച്ച് ജീവിക്കുന്ന കർഷകരെയും സാധാരണക്കാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനം ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വനസംരക്ഷണം അനിവാര്യമാണ്; എന്നാൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയുടെ പേരിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ സർക്കാർ ഒരു കാരണവശാലും കഴിഞ്ഞ കാലങ്ങളിലേതുപോലെ ഉദ്യോഗസ്ഥ വൃന്ദങ്ങളെ മാത്രം ആശ്രയിക്കുന്ന തരത്തിലുള്ള കുറ്റകരമായ നിസംഗത തുടരരുത്.
123 ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായും ഒഴിവാക്കുന്ന കൃത്യമായ ഭൂപടങ്ങളും രേഖകളും അടിയന്തരമായി കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ വനവിസ്തൃതിയുമായി ബന്ധപ്പെട്ട് സംഭവിച്ച ഗുരുതരമായ പിഴവുകൾ 12 വർഷം കഴിഞ്ഞിട്ടും തിരുത്താതെ തുടരുന്നത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഭരണപരമായ വീഴ്ചയാണ്.
അന്തിമ വിജ്ഞാപനത്തിനു മുമ്പ് സാധാരണ ജനങ്ങളുടെ ദുരിതപൂർണമായ ജീവിത യാഥാർഥ്യങ്ങൾ മനസിലാക്കണം. കൃഷിയിടങ്ങളും ജനവാസ മേഖലകളും തോട്ടങ്ങളും പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കുമെന്ന വ്യക്തമായ ഉറപ്പ് നൽകണം. അല്ലാത്തപക്ഷം, ഇത് ജനങ്ങളുടെ ജീവിതാവകാശത്തിനും ഉപജീവനത്തിനുമെതിരായ നടപടിയായി വിലയിരുത്തപ്പെടും.
മലയോര കർഷകരുടെയും സാധാരണ ജനങ്ങളുടെയും ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ജനാധിപത്യ-നിയമപരമായ പ്രക്ഷോഭങ്ങൾക്കും കത്തോലിക്കാ കോൺഗ്രസ് നേതൃത്വം നൽകും. വിഷയത്തിൽ രാഷട്രീയ ഭിന്നതകൾ മറന്ന് കേരളത്തിലെ എല്ലാ ജനപ്രതിനിധികളും ജനങ്ങളുടെ പക്ഷത്ത് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഫാ. ഫിലിപ്പ് കവിയിൽ ആഹ്വാനം ചെയ്തു.