കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപ്പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശി റോജിത്തിനെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് എയർ പിസ്റ്റൾ, കൈവിലങ്ങ്, 2.5 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
കൃത്രിമമായി നിർമിച്ച പോലീസ് ഐഡി കാർഡും എസ്ഐയുടെ യൂണിഫോം ധരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരി കൈവശം വയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നത്. തുടർന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു.
പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ പിന്നീട് മറ്റുള്ളവർക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. റോജിത്തിന്റെ തട്ടിപ്പിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രാമനാട്ടുകര ഭാഗത്തുനിന്ന് ഇയാൾ പിടിയിലായത്.