ബാൾട്ടിമോർ: ബാൾട്ടിമോറിലെ ഫെഡറൽ ഹിൽ മേഖലയിൽ വാരാന്ത്യത്തിലുണ്ടായ വിവിധ വെടിവയ്പ്പ് സംഭവങ്ങളിൽ രണ്ട് കൗമാരക്കാർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തിനിടെ നഗരത്തിൽ കുറഞ്ഞത് 10 വെടിവയ്പ്പുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവർ അപകടനില തരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ രണ്ടിന് ശേഷം ക്രോസ് സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് ക്രോസ് സ്ട്രീറ്റിന്റെയും സൗത്ത് ചാൾസ് സ്ട്രീറ്റിന്റെയും കവലയ്ക്ക് സമീപം വെടിയേറ്റ നിലയിൽ 17 വയസുള്ള ആൺകുട്ടിയെയും 26 വയസുള്ള യുവാവിനെയും കണ്ടെത്തിയത്.
തെളിവുകൾ സംരക്ഷിക്കുന്നതിനായി വെസ്റ്റ് ക്രോസ് സ്ട്രീറ്റും സൗത്ത് ചാൾസ് സ്ട്രീറ്റും ചേരുന്ന കവല പൊലീസ് ബാരിക്കേഡ് വച്ച് പൂർണമായി അടച്ചു. ലൈറ്റ് സ്ട്രീറ്റിൽ നിന്ന് വെസ്റ്റ് ക്രോസ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതും പൊലീസ് തടഞ്ഞു.