ന്യൂഡൽഹി: അഹമ്മദാബാദിൽ 2025 ജൂണ്‍ 12നുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണറിപ്പോർട്ട് അന്താരാഷ്ട്ര അവലോകനങ്ങളും കൂടിയാലോചനകളും പൂർത്തിയായശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് അന്വേഷണ ഏജൻസി.
ദുരന്തം നടന്ന് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ ഇടക്കാല പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്തിന്റെ സിസ്റ്റങ്ങൾ, ഫ്ലൈറ്റ് റെക്കോർഡർ വിവരങ്ങൾ (ബ്ലാക്ക് ബോക്സ്), എൻജിൻ ഘടകങ്ങൾ, അറ്റകുറ്റപ്പണികളുടെയും സർവീസിന്റെയും രേഖകൾ എന്നിവ വിശകലനം ചെയ്യുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഏജൻസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്തിമ റിപ്പോർട്ടിന് കൃത്യമായ സമയപരിധി പറയാൻ കഴിയില്ലെന്നും അന്വേഷണത്തിന്റെ ഏകലക്ഷ്യം വ്യോമയാന സുരക്ഷ വർധിപ്പിക്കുക മാത്രമാണെന്നും ആരുടെയുംമേൽ കുറ്റമോ ഉത്തരവാദിത്വമോ ചുമത്തുകയല്ലെന്നും എഎഐബി പറയുന്നു.
രാജ്യത്തെ നടുക്കിയ അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോൾ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.