കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് അറസ്റ്റിലായത്. കേസിൽ കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിന്റെ കൂട്ടാളിയാണ് ഫിറോസ്. എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ സംഘത്തിലെ അംഗമാണ് ഫിറോസെന്നും പൊലിസ് വ്യക്തമാക്കി.
മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനായ ഫിറോസാണ് കേസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ഇയാളാണെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
മുൻപും ലഹരിമരുന്ന് കേസിൽ ഫിറോസ് പിടിയിലായിട്ടുണ്ട്. മൊടക്കല്ലൂരിലെ ലോഡ്ജിൽവെച്ച് യുവതിക്കൊപ്പം എംഡിഎംഎയുമായി എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരിമരുന്ന് ഇടപാടുകൾ നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പേരാമ്പ്രയിൽനിന്ന് ഇയാളെ പിടികൂടിയത്.