വിഴിഞ്ഞം: കേരള ഫിഷറീസ് വകുപ്പിന്റെ വ്യാജ രേഖകൾ സ്വന്തമായി നിർമിച്ച് മത്സ്യബന്ധന വള്ളങ്ങൾക്ക് വിറ്റ് പണമുണ്ടാക്കിയ രണ്ടു പേരെ വിഴിഞ്ഞം തീരദേശ പോലീസ് അറസ്റ്റുചെയ്തു.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി അന്തോണിദാസൻ (40), കന്യാകുമാരി അഗസ്തീശ്വരം വൈഎംസിഎ കോളനി നിവാസി സുസൈമൈക്കിൾ(44) എന്നിവരെയാണ് തീരദേശ പൊലിസ് അറസ്റ്റ് ചെയ്തത്. ഫിഷറീസ് വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം കടലിൽ നടത്തിയ പരിശോധനയിൽ ഒരു തമിഴ്നാട് ട്രോളർ ബോട്ട് പിടികൂടിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന അകമ്പടിവള്ളത്തിന്റെ രേഖകളുടെ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തായത് .
പെട്ടെന്ന് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിൽ സൂഷ്മമായി നിർമിച്ച രേഖകൾ അയ്യായിരം മുതൽ പതിനായിരം വരെ രൂപയ്ക്കാണ് അന്തോണി ദാസൻ കൈമാറിയത് . ഇപ്രകാരം നിരവധിപേരെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയതായും പൊലി സ് കരുതുന്നു .സീസൺ സമയ ത്ത് സാധാരണയായി 250ഓളം വള്ളങ്ങൾ വിഴിഞ്ഞം ഫിഷറീ സ് സ്റ്റേഷനിൽ പെർമിറ്റിനായി എത്താറുണ്ട്.
എന്നാൽ ഈ സീസണിൽ ഇതുവരെ വളരെ കുറച്ച് വള്ളങ്ങൾ മാത്രമെ എത്തിയുള്ളൂ. നൂറുകണക്കിന് വള്ളങ്ങൾ വിഴിഞ്ഞത്ത് നി ന്ന് മത്സ്യബന്ധനത്തിനു പോകുന്നതിൽ സംശയം തോന്നിയ ഫിഷറീസ് അധികൃതർ നടത്തിയ പരിശോധനയാണ് തട്ടിപ്പ് കണ്ടെത്താനിടയാക്കിയത്. വ്യാജമായുണ്ടാക്കിയ രേഖയിൽ മുൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഒപ്പും സീലുമാണ് പതിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ചെറിയ ബോട്ടിൽ കേരള ബോട്ടിന്റെ നീലനിറത്തിന് പുറമെ പച്ചനിറം അടിച്ചതായും കണ്ടെത്തി. പിടികൂടിയ തമിഴ്നാട് ബോട്ടിന്റെ സ്രാങ്കായ സൂസൈ മൈക്കിൾ നൽകിയ വിവരമനുസരിച്ചാണ് വ്യാജരേഖ നൽകിയെന്ന്സംശയിച്ച അന്തോണിദാസനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.
ഫിഷറീസ് അധികൃതരുടെ പരാതിയിലാണ് കോസ്റ്റൽ പൊലിസ് കേസെടുത്തത്.