എരുമപ്പെട്ടി: അക്കിക്കാവ് -കേച്ചേരി ബൈപ്പാസ് റോഡിൽ പന്നിത്തടത്ത് രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ചു. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാരായ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്കും കാറിലെ രണ്ടു യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.30ഓടെ പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് സ്കൂളിനു സമീപമാണ് അപകടമുണ്ടായത്.
പൊന്നാനിയിൽനിന്നു രോഗിയുമായി തൃശൂർ മെഡിക്കൽ കോളജിലേക്കു പോവുകയായിരുന്ന 108 നന്പർ ആംബുലൻസിൽ എതിരെ വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഇന്നോവ കാർ മറ്റൊരു കാറിനെ മറികടക്കുവാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുനീങ്ങിയ ഇന്നോവ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. മൂന്നു വാഹനങ്ങളുടെയും മുൻവശം തകർന്നിട്ടുണ്ട്.
പരിക്കേറ്റവരെ പന്നിത്തടം അൽ അമീൻ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.