International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി നേപ്പാൾ പൊലിസ് അറിയിച്ചു. ദുരന്തം സംഭവിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാണാതായ ആയിരക്കണക്കിന് ആളുകൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 6,541 പേരെ രക്ഷപ്പെടുത്തിയ സൈന്യം, കാണാതായ 4,858 പേർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, വിദേശരാജ്യങ്ങളിൽനിന്നുള്ള 324 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ സഞ്ചാരികളിൽ പലരും തിരികെ ബന്ധപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി.
നേപ്പാളിൽനിന്നുള്ള വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒലിച്ചുപോയ അഞ്ച് നേപ്പാളി പൗരന്മാരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കുശിനഗറിൽനിന്ന് കണ്ടെത്തി നേപ്പാൾ പൊലിസിന് കൈമാറി.
അതിനിടെ, നേപ്പാളിൽനിന്ന് ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളിലേക്ക് ഒഴുകിയെത്തുന്ന നദികളിൽനിന്നു ലഭിക്കുന്ന മത്സ്യങ്ങൾ കഴിക്കരുതെന്ന് ബിഹാർ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ അഴുകിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിർദേശം.
Kerala
കല്പ്പറ്റ: കള്ളാടി-ആനക്കാംപൊയില് തുരങ്കപാത പദ്ധതി പ്രദേശത്ത് മേപ്പാടി പഞ്ചായത്തില്പ്പെട്ട മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉള്പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കും.
റിപ്പോര്ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില് കണ്ട കാര്യങ്ങള് സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങള് ദിവസത്തിനുള്ളില് സിറ്റിംഗ് നടത്തി റിപ്പോര്ട്ടിന് അന്തിമരൂപം നല്കുമെന്നാണ് വിവരം. സമിതി റിപ്പോര്ട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിര്ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിര്ണായകമാണ്.
മണ്ണിടിച്ചിലിനെത്തുടര്ന്ന് നിര്ത്തിവച്ച തുരങ്കപാത നിര്മാണം പുനരാരംഭിക്കുന്നതില് വിദഗ്ധ സമിതി റിപ്പോര്ട്ടിനെ ആശ്രയിച്ചായിരിക്കും സര്ക്കാര് തീരുമാനം. തുരങ്കനിര്മാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.
ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രന് ചെയര്മാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവന് ബാബു കണ്വീനറും പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവര് അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സര്ക്കാര് ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നായിരുന്നു സമിതിക്ക് സര്ക്കാര് നിര്ദേശം.
തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് നല്കിയ പരിസ്ഥിതി അനുമതികള്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്, നിര്മാണ കരാര് വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകള് എന്നിവയും സമിതിയെ സര്ക്കാര് ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.
വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചില് പ്രദേശം സന്ദര്ശിച്ചിരുന്നു. മണ്ണിടിച്ചില് മേഖലയില് സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില് നിഗമനത്തില് എത്താനാകില്ലെന്നുമാണ് സന്ദര്ശനാനന്തരം ഡോ.സി.പി. രാജേന്ദ്രന് അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചില് ദുരന്തം. കരാര് സ്ഥാപനമായ ദിലീപ് ബില്ഡ്കോണ് കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.
International
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയം വിതച്ച മഹാദുരന്തത്തിനിടയിൽനിന്നും പുറത്തുവരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ. വീടും ഉറ്റവരെയും നഷ്ടപ്പെട്ട മനുഷ്യർക്കൊപ്പം, അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ ഉടമകളെ തിരയുന്ന വളർത്തുനായ്ക്കളുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. പ്രളയം മനുഷ്യരെയും അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും എങ്ങനെ വേർപെടുത്തിയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ദുരന്തം വലിയ നാശംവിതച്ച ധുംഗെ പ്രദേശത്തുനിന്നുള്ള ലില്ലി എന്ന നായയുടെ കാത്തിരിപ്പാണ് ഇതിൽ ഏറ്റവും വേദനജനകം. താൻ ജീവിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്ത് കഴുത്തിലൊരു ബെൽറ്റുമായി ലില്ലി ഇപ്പോഴും ഇരിപ്പുണ്ട്. പ്രദേശവാസികൾ അവൾക്കു ഭക്ഷണം നൽകുന്നുണ്ടെങ്കിലും തന്നെ ഊട്ടിയിരുന്ന ഹോട്ടൽ ഉടമയെ തിരയുകയാണ് അവളിപ്പോഴും. ലില്ലിയുടെ ഉടമയടക്കം നിരവധി പേരെയാണ് ഈ പ്രദേശത്തു കാണാതായിട്ടുള്ളത്.
അവശിഷ്ടങ്ങൾക്കിടയിൽ ഒരിലയനക്കം കാത്ത്
തകർന്നടിഞ്ഞ ഒരു വീടിനുള്ളിൽ ചെളിയിൽ കുളിച്ച് ക്ഷീണിതനായി ഇരിക്കുന്ന മറ്റൊരു നായയുടെ ദൃശ്യങ്ങളും വൈറലാണ്. വീടിന്റെ ഭൂരിഭാഗവും ഒലിച്ചുപോയിട്ടും, അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ഉടമസ്ഥർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണത്.
ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങളുണ്ടായ രസുവയിലും സമാനമായ കാഴ്ച കാണാം. തകർന്ന ഒരു വീടിനു പുറത്ത് തന്റെ യജമാനനെ അവസാനമായി കണ്ട സ്ഥലത്തുനിന്ന് മാറാൻ കൂട്ടാക്കാതെ ഇരിക്കുകയാണ് ഒരു നായ.
പ്രളയജലത്തിൽ ഒലിച്ചുപോയി കനത്ത ചെളിയിൽ കുടുങ്ങിയ ഒരു നായയെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവശനായ നായയെ ഇവർ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ആശ്വാസത്തിന്റെ പുനഃസമാഗമം
സങ്കടക്കാഴ്ചകൾക്കിടയിൽ ആശ്വാസമേകുന്ന ഒരു ദൃശ്യവുമുണ്ട്. പ്രളയത്തിൽപ്പെട്ട് മൂന്നോ നാലോ ദിവസമായി വേർപിരിഞ്ഞ തന്റെ പ്രിയപ്പെട്ട നായയെ സുരക്ഷിതനായി തിരികെ ലഭിച്ചപ്പോൾ ഒരു സ്ത്രീ അതിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ഏവരുടെയും കണ്ണ് നനയിക്കും. ചുറ്റുമുള്ള ദുരന്തങ്ങൾ മറന്ന്, നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ അരുമയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു അവർ.
നേപ്പാളിലെ ജനങ്ങൾക്ക് നായ്ക്കളോടുള്ള ആത്മബന്ധം വളരെ വലുതാണ്. 'കുക്കൂർ തിഹാർ' എന്ന വാർഷിക ഉത്സവത്തിൽ നായ്ക്കളെ മാലയിട്ടും കുങ്കുമം അണിയിച്ചും അവർ ആദരിക്കാറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ വലിയ സ്നേഹബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ ദുരന്തമുഖത്തും കാണാനാകുന്നത്.
ഉറ്റവരെ തേടിയുള്ള മനുഷ്യരുടെ അന്വേഷണം ഒരുവശത്ത് തുടരുമ്പോൾ, ഒരുപക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാത്ത യജമാനന്മാരുടെ കാൽപ്പെരുമാറ്റവും കാത്ത് ഈ വളർത്തുമൃഗങ്ങളും തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ കാവലിരിക്കുകയാണ്.
International
കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ പ്രളയദുരന്തം നടന്ന് ഒരാഴ്ചയായിട്ടും രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തഭൂമിയിൽനിന്നു കരളലിയിക്കുന്ന നിരവധി വാർത്തകളാണ് വരുന്നത്. നുവാക്കോട്ട് ജില്ലയിലെ ബിദൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട പത്താം വാർഡിലെ ബെത്രാവതി പ്രദേശത്തു പ്രളയാവശിഷ്ടങ്ങൾക്കടിയിൽ പൂർണമായി പൂണ്ടുപോയ ഒരു വീടിനുള്ളിൽനിന്ന് ഇന്നു രാവിലെ 23 മൃതദേഹങ്ങൾ കണ്ടെടുത്തു.
പ്രളയം ആഞ്ഞടിച്ച സമയം രക്ഷപ്പെടാനായി ഇവർ ഈ വീടിനുള്ളിൽ അഭയം പ്രാപിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ നിമിഷങ്ങൾക്കകം പ്രളയത്തോടൊപ്പം ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ലുകളും ചെളിയും വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഇവിടെത്തന്നെയുള്ള ഒരു വീട്ടിൽനിന്ന് ആറു മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു. ബാക്കിയുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തെടുത്തത്. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിലുണ്ടോ എന്ന സംശയത്തിൽ തെരച്ചിൽ ശക്തമായി തുടരുകയാണ്.
കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞ് ആശുപത്രികളിൽ ബന്ധുക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ പലതും ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാൻ ഏറെ പ്രയാസ നേരിടുന്നുണ്ട്. ഫോറൻസിക് പരിശോധനകളിലൂടെയും ഡിഎൻഎ കിറ്റുകൾ ഉപയോഗിച്ചുമാണ് വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുക. ഇന്ത്യയിൽനിന്നുള്ള 18 ഫോറൻസിക് വിദഗ്ധർ ഇതിനായി നേപ്പാളിൽ എത്തിയിട്ടുണ്ട്. പലയിടത്തും മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നുണ്ട്.
അതേസമയം, നേപ്പാളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ആകെ റിപ്പോർട്ട് ചെയ്ത 987 മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ചിത്വാൻ ജില്ലയിലാണ്-321 പേർ. നവൽപരാസി ഈസ്റ്റ് (216), നവൽപരാസി വെസ്റ്റ് (170), നുവാക്കോട്ട് (95), ഗോർഖ (65), ധാഡിംഗ് (55), രസുവ (27) എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു ജില്ലകൾ. 4,000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം
നേപ്പാളിലെ പ്രൈവറ്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച് പ്രളയത്തിൽ തകർന്ന 12 ജലവൈദ്യുത പദ്ധതികളിലായി കുറഞ്ഞത് 900 തൊഴിലാളികളെയെങ്കിലും കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
ചെളി നിറഞ്ഞ മൂന്ന് തുരങ്കങ്ങളിൽനിന്നായി ഇതുവരെ നാലു മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ സൈന്യം സ്ഥിരീകരിച്ചു. തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് നേപ്പാൾ സൈന്യവും വിദഗ്ധ സംഘവും. എന്നാൽ കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ത്രിശൂലി ത്രി ബി വൈദ്യുതപദ്ധതി നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 40 എൻജിനിയർമാരും 118 തൊഴിലാളികളും കാണാതായവരിൽ ഉൾപ്പെടുന്നു. നേപ്പാൾ സൈന്യം സ്ഫോടക വസ്തുക്കളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് തുരങ്കങ്ങളിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മണ്ണുമാന്തി യന്ത്രങ്ങളും ടോർച്ചുകളും ഉപയോഗിച്ച് രാത്രിയിലും തുരങ്കങ്ങൾക്കുള്ളിലേക്ക് കടന്നുചെല്ലാനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണ്. അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും താത്കാലിക ബെയ്ലി പാലങ്ങൾ നിർമിച്ചും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.
കാണാതായവരിൽ 350 വിദ്യാർഥികളും
മിന്നൽപ്രളയത്തിൽ രസുവ ജില്ലയിലെ ഉത്തർഗയ ഗ്രാമത്തിൽനിന്നു മാത്രം 350ഓളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ 19 സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒന്പത് സ്കൂളുകൾ പൂർണമായും തകർന്നു.
ഭവനരഹിതരായ കുടുംബങ്ങൾക്ക് താത്കാലിക അഭയം നൽകാനായി എട്ടു സ്കൂളുകൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ചുവരികയാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട നിരവധി കുട്ടികളുണ്ട്. ഇവരുടെ കണ്ണീർക്കഥകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
മാനുഷിക പ്രതിസന്ധി രൂക്ഷമെന്ന് യുഎൻ
ദുരന്തബാധിത പ്രദേശങ്ങളിൽ 65,000ത്തോളം ആളുകൾക്ക് അടിയന്തര കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കി. 22,000 കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും 10,500ലധികം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര പിന്തുണയും ആവശ്യമാണെന്നും യുഎൻ അറിയിച്ചു.
ദുരന്തബാധിത മേഖലകളിലെ 10,000ത്തിലധികം കുട്ടികൾക്ക് അടിയന്തര മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്നും 107 കുട്ടികളെങ്കിലും മാതാപിതാക്കളിൽനിന്നോ സംരക്ഷകരിൽനിന്നോ വേർപെട്ടുപോയിട്ടുണ്ടാകാമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും യുഎൻ അറിയിച്ചു.
ഇന്ത്യ, ചൈന, സിംഗപ്പുർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകരെത്തി
മിന്നൽപ്രളയമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലേക്ക് താത്കാലിക പാലങ്ങൾ നിർമിച്ച് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നു. ദുരന്തബാധിത മേഖലകളിൽനിന്ന് ഇതുവരെ 11,000ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ചില പ്രദേശങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചതായും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു.
Kerala
കോഴിക്കോട്: നേപ്പാളിലെ മിന്നല്പ്രളയത്തെത്തുടര്ന്ന് കുടുങ്ങിയ 47 കോഴിക്കോട്ടുകാര് സ്വദേശത്ത് തിരിച്ചെത്തി.
ചേമഞ്ചേരി, ഉള്ളിയേരി, ബാലുശേരി എന്നിവിടങ്ങളില്നിന്നുള്ളവരാണ് ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നേപ്പാളിലെ ബൈരാവയില്നിന്നു ബസ് മാര്ഗം ഖോരഗ്പുരിലെത്തിയ സംഘം വൈകുന്നേരം ആറിന് ഇന്ഡിഗോ വിമാനത്തില് ബംഗളുരുവിലേക്ക് യാത്ര തിരിച്ചു.
രാത്രി 8.35 ന് ബംഗളുരുവിലെത്തിയ സംഘം കോഴിക്കോട്ടേക്കു ബസ് മാര്ഗമാണ് എത്തിയത്. യാത്രാസംഘം താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കില് പെടുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും വീടുകളില് തിരിച്ചെത്തിയത്. 21നാണ് കോഴിക്കോട്ടുനിന്നു യാത്ര തിരിച്ചത്. ഓണാവധി ആഘോഷിക്കാനായി കോഴിക്കോട്ടെ ഏജന്സി മുഖേനയാണു സംഘം നേപ്പാളിലെത്തിയത്.
ചേമഞ്ചേരി പഞ്ചായത്ത് മുന് പ്രസിഡന്റും മുന് പ്രധാനാധ്യാപകനുമായ കെ.ഭാസ്കരന്, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എന്.വി. സദാനന്ദന് എന്നിവരുള്പ്പെടെയുള്ള ആളുകളാണു യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇവരെ പ്രളയം നേരിട്ടു ബാധിച്ചിരുന്നില്ല. പ്രളയസമയത്ത് പൊഖാറ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് ഏകദേശം 150 കിലോമീറ്റര് അകലെയാണ് പ്രളയമുണ്ടായത്. ദുരന്തത്തെ തുടര്ന്ന് ഇവര്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന് പ്രയാസം നേരിട്ടിരുന്നു.
International
കഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആറുവയസുകാരിക്ക് അത്ഭുത രക്ഷ. മൂന്ന് ദിവസത്തോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. റസുവ ജില്ലയിലെ തിമുര ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കുട്ടിയെ കഠ്മണ്ഡുവിലേക്ക് മാറ്റി. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ മരണസംഖ്യ 734 ആയി ഉയർന്നു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രളയത്തിൽ 2,426 പേരെയാണ് ഇതുവരെ കാണാതായതായി റിപ്പോർട്ട്. ഇതിൽ 540 പേർ വിദേശികളാണ്. ദുരന്തബാധിത മേഖലകളിൽ കാണാതായവർക്കായുള്ള തെരച്ചിലും തുടരുകയാണ്.
International
വത്തിക്കാൻ സിറ്റി: മിന്നൽപ്രളയത്തിൽ കടുത്ത ദുരിതം നേരിടുന്ന നേപ്പാളിന് ആശ്വാസവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതരായ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ മാർപാപ്പ കൈമാറി. വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയാണ് സാമ്പത്തികസഹായം എത്തിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അതീവ ദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്പസ്തോലിക് നുൺഷ്യേച്ചറുമായി സഹകരിച്ച് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയത്. ദുരിതബാധിതർക്കു ഭക്ഷണം, താത്കാലിക പാർപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.
ഏറ്റവും ദുർബലരായ ജനങ്ങളോട് മാർപാപ്പയ്ക്കുള്ള സാമീപ്യത്തിന്റെയും സഭ അവരെ ചേർത്തുപിടിക്കുന്നു എന്നതിന്റെയും പ്രകടമായ തെളിവാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
ഇറ്റാലിയൻ മെത്രാൻ സമിതിയും നേപ്പാളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതി അഞ്ചു ലക്ഷം യൂറോ അനുവദിച്ചു.
Kerala
തിരുവനന്തപുരം: മിന്നൽ പ്രളയത്തെത്തുടർന്നു നേപ്പാളിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന 82 പേരിൽ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു.
എട്ടു പേരെ കാണാനില്ല. ഇതിൽ ഓരോരുത്തർ വീതം കൊല്ലം, കണ്ണൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും ഒരാൾ യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളി സ്ത്രീയുമാണെന്നാണ് വിവരം. എന്നാൽ, കാണാതായവരുടെ വ്യക്തിപരമായ വിവരം നോർക്ക പുറത്തുവിട്ടില്ല.
കൈലാസ് മാനസസരോവർ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേർന്നു. ഇന്നു രാവിലെ സാഗയിൽ നിന്ന് കൊദാരിനയാലം ബോർഡർ ക്രോസിംഗ് വഴി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രതിരിക്കും. തുടർന്ന് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇവർ നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം.
മറ്റ് കേരളീയരിൽ ചിലർ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിത രാണ്.
Kerala
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നാല് പേർ മരിക്കുകയും അഞ്ച് കരസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
അപ്പർ സുബൻസിരി ജില്ലയിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കിയോജറിംഗ്-ബയാചിംഗ് റോഡ് നിർമാണ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ് തഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയായിരുന്നു.
ഇവിടുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതായ സൈനികർക്കായി സമീപ ക്യാമ്പുകളിൽ നിന്നുള്ള രക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം ശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും തുടരുകയാണ്. ഈ സീസണിൽ മാത്രം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് പ്രകാരം 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി പൊതുസ്വത്തുക്കൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ, കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ 121.67 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. 45,904 കർഷകരെ കൃഷിനാശം ബാധിച്ചിട്ടുണ്ട്. 9,332 ഹെക്ടർ കൃഷിഭൂമിക്കും നാശനഷ്ടമുണ്ടായി.
പ്രാഥമിക വിവരശേഖരണത്തിന് ശേഷം 110 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് കേന്ദ്രസർക്കാരിന് കത്തു നൽകിയതായും മന്ത്രി അറിയിച്ചു.
പൂർണ റിപ്പോർട്ടിനു ശേഷം വീണ്ടും കേന്ദ്രസഹായം തേടും. കേന്ദ്രസംഘം കേരളം സന്ദർശിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്കെടുതി കൃഷിയെ നന്നായി ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ പുനഃക്രമീകരണത്തിനായി 10 കോടി രൂപ ചെലവഴിക്കേണ്ടിവരും. വെള്ളപ്പൊക്കം ഉണ്ടായ ശേഷം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അവ വീണ്ടും കൃഷിയോഗ്യമാക്കുന്ന നടപടികൾക്ക് മുൻഗണന നൽകും.
കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച കൃഷിമന്ത്രിയും സഹകരണമന്ത്രിയും ചേർന്ന് ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തും.
കർഷകരുടെ വായ്പ, പലിശ എന്നിവയിൽ ഉദാരസമീപനം സ്വീകരിക്കുന്നതിനും ആശ്വാസനടപടികൾ കൈക്കൊളളുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും ഞായറാഴ്ചയും കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിച്ചില് ഉണ്ടായതോടെ ഭീതിയില് പ്രദേശവാസികള്. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് 14-ാം വാര്ഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞത്.
സ്ഥലത്ത് നേരത്തെ പ്രവര്ത്തിച്ചു കൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടര്ന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.
തുടര്ന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉള്പ്പെടെയുള്ളവര് സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉഗ്ര ശബ്ദത്തോടെ കൂറ്റന് മണ്കൂന ഇടിഞ്ഞത്.
സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം കയറി. തുടര്ച്ചയായി പ്രദേശത്ത് മണ്ണിടിച്ചില് ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവര്ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില് വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര് എന്നിവിടങ്ങളില് വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില് വെള്ളം കയറിയ വീടുകളില് നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള് എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല് പുലര്ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.
രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില് ഇന്ന് ഓറഞ്ച് അലര്ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി നല്കിയിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലയില് ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ കളക്ടര് ചേതന് കുമാര് വീണ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില് മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില് നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില് ഏര്പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്സ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളം കയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര് അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില് ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണം.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്- 9496686325
കാഞ്ഞിരപ്പള്ളി- 9495265800
വൈക്കം- 9496174871
മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095
Kerala
തിരുവല്ല: പമ്പ, മണിമല ആറുകളില് നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ അപ്പര്കുട്ടനാട് മേഖലയില് സ്ഥിതിഗതികള് രൂക്ഷം. കുറ്റൂര്, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ പ്രളയക്കെടുതികള് നേരിടുകയാണ്.
ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയതോടെ കൂടുതല് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. എംസി റോഡിലും തിരുവല്ല - അമ്പലപ്പുഴ പാതയിലും ഗതാഗതം മുടങ്ങി. തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി.
നെടുമ്പ്രം പടാരത്തില് പടിമുതല് എന്സി ജംഗ്ഷന് വരെ ഉള്ള ഒന്നര കിലോമീറ്റര് ദൂരത്തില് റോഡില് വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്ന്നാണ് ഗതാഗതം നിലച്ചത്. ഞായറാഴ്ച പുലര്ച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികള് ചേര്ന്ന് ഒഴുകുന്ന നദിയില് നിന്നും റോഡിലേക്ക് വെള്ളം ഇരച്ച് എത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആര്ടിസി അടക്കമുള്ള ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
എംസി റോഡില് കഴിഞ്ഞ ഏതാനും വര്ഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്. എംസി റോഡില് തിരുമൂലപുരത്തിനും കുറ്റൂരിനുമിടയില് റോഡില് രണ്ട് അടിയോളം ഉയരത്തില് വെള്ളം കയറിയതിനേ തുടര്ന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു.
കൂറ്റൂര് - തെങ്ങേലി റോഡ്, ,ആറാട്ടുകടവ് -തിരുവന്വണ്ടൂര് റോഡ് ,ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറന് പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയില് ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയില്വേയുടെ അടിപാതകളായ ഇരുവള്ളിപ്ര ,കുറ്റൂര് എന്നീ വിടങ്ങളില് വെള്ളം കയറി കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂര് വള്ളംകുളം റോഡിലും ഗതാഗതം പൂര്ണമായും തടസപ്പെട്ടു.
നൂറുകണക്കിന് കുടുംബങ്ങള് ആണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നത്. ജനങ്ങള് ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.കൂടാതെ വെള്ളം പറമ്പുകളില് കയറി കിടക്കുന്നതുമൂലും നാണ്യവിളകള് ഏറെയും നശിച്ചു. വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാന് കഴുകയുള്ളു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കായി തഹസില്ദാര് ജോബിന് കെ.ജോര്ജിന്റെ നേതൃത്യത്തില് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ക്രമീകരണങ്ങള് ഒരുക്കിയിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം ജില്ലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് വിവിധ പ്രദേശങ്ങളില് രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത തടസം
പാലാ - ഈരാറ്റുപേട്ട റോഡില് വെള്ളം കയറിയതിനെ തുടര്ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്ത്തല റോഡില് താഴ്ന്ന ഭാഗങ്ങളില് വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല് റോഡില് വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്ക്കുന്നം റൂട്ടുകള് അയര്ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര് - മണര്കാട് റോഡില് നാലുമണിക്കാറ്റില് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങള്
പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്പ്പ്, പേരൂര്, ആര്പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
യാത്ര നിരോധിച്ചു
ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളംകയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില് ഉള്ളവര് ജാഗ്രത പാലിക്കണമെന്നും അധികൃതര് അറിയിച്ചു.
Kerala
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളില് വെളളംകയറിയതുമൂലം കോടികളുടെ നഷ്ടമാണ് റാന്നി മേഖലയില് വ്യാപാരികള്ക്കുണ്ടായത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം റാന്നി മാമുക്ക് മുതല് ഇട്ടിയപ്പാറ വരെയുള്ള ഭാഗത്തെ ഒട്ടുമിക്ക കടകളെയും നഷ്ടത്തിലാക്കി.
പുളിമുക്ക്, പേട്ട, ചെട്ടിമുക്ക് ഭാഗങ്ങളിലും കടകള്ക്ക് നഷ്ടമുണ്ടായി. പലചരക്ക്, സ്റ്റേഷനറി, ബേക്കറി, ഹോട്ടലുകള്, പച്ചക്കറി, ഫര്ണിച്ചര്, സ്വര്ണക്കടകള്, സൂപ്പര്മാര്ക്കറ്റുകള്, കോള്ഡ് സ്റ്റോറേജുകള്, ചെരിപ്പ് കടകള്, തുണിക്കടകള് തുടങ്ങി നഷ്ടമുണ്ടായിട്ടുള്ള കടകളേറെയാണ്.
വില്പനയ്ക്കായി കൊണ്ടുവന്ന സാധനങ്ങള് നഷ്ടപ്പെട്ടതു കൂടാതെ കടകളിലെ ഫര്ണിച്ചറുകള്, ഇലക്ട്രോണിക്സ് ഉപകരണങ്ങള് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. 2018ലും 19ലും നഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങള് ഇവയിലേറെയും. വീണ്ടും പച്ചപിടിച്ചു വരുമ്പോഴാണ് നഷ്ടം ഉണ്ടായത്.
പമ്പാ തീരത്തെ വീടുകള്ക്കും നഷ്ടമുണ്ട്. കിണറുകള്, ശൗചാലയങ്ങള് ഇവ നശിച്ചു. ഫര്ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളത്തോടൊപ്പം എത്തിയ മാലിന്യങ്ങള് വീടുകള്ക്കുള്ളില് നിറഞ്ഞിരിക്കുകയാണ്.
ഇതേ സമയം ആറന്മുളയില് സ്ഥിതി രൂക്ഷമായി തുടരുകയാണ്. പമ്പാനദി കരകവിഞ്ഞെത്തിയ വെള്ളം ആറന്മുളയിലെ കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വെള്ളം ഇറങ്ങാന് കാലതാമസമുണ്ട്. നദിയില് ജലനിരപ്പ് ഉയര്ന്നു നില്ക്കുന്നതാണ് പ്രധാന കാരണം. ആറന്മുളയിലെ റോഡുകളില് നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം കയറി കിടക്കുകയാണ്.
ആറന്മുളയില് പമ്പയുടെ തീരത്തെ വീടുകളെല്ലാം വെള്ളത്തിലാണ്. വലിയ വീടുകളുളളവര് മുകള് നിലയിലേക്കും ടെറസിലേക്കുമൊക്കെ താമസം മാറിയപ്പോള് വെള്ളത്തില് മുങ്ങിയ വീടുകളിലുളളവര് ദുരിതാശ്വാസ ക്യാമ്പുകളില് അഭയം തേടുകയാണ്. ആറന്മുള പുഞ്ചയോടു ചേര്ന്നുള്ള പ്രദേശങ്ങളൊക്കെ പൂര്ണമായി മുങ്ങി ജനജീവിതം താറുമാറായ അവസ്ഥയാണ്, എഴിക്കാട്, നീര്വിളാകം പ്രദേശങ്ങള് പൂര്ണമായി വെള്ളത്തിനടിയിലാണ്.
അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിലേക്ക് മന്ത്രി എ.പി. അനില് കുമാര് ഇന്നു ജില്ലയിലെത്തും. രാവിലെ കോഴഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തി. തുടര്ന്ന് ആറന്മുള, റാന്നി പ്രദേശങ്ങള് സന്ദര്ശിക്കും.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര് തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര് എത്തിയാല് ഡാമിന്റെ ഷട്ടറുകള് ഉയര്ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്ന്ന് ഡാമിന്റെ ഒരു ഷട്ടര് 15 സെന്റിമീറ്റര് ഉയര്ത്താന് തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില് ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് എ. നിസാമുദ്ദീന് അറിയിച്ചു.
ശനിയാഴ്ച മൂഴിയാര് ഡാമിന്റെ ഒരു ഷട്ടര് തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്ന്നത്. രാത്രിയില് തന്നെ ജാഗ്രതാനിര്ദേശം നല്കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പു തുടരുന്ന സാഹചര്യത്തില് വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലുകള്ക്കും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക ജാഗ്രതാ നിര്ദേശം നല്കി.
ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ വെള്ളച്ചാട്ടങ്ങള്, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള് എന്നിവിടങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി.
മണ്ണിടിച്ചില്, ഉരുള്പൊട്ടല് സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും. ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നിന്നെത്തിയ വിനോദസഞ്ചാരികള്ക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിര്ദേശങ്ങളും നല്കണം.
അപകടത്തില്പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്താല് ബന്ധപ്പെടേണ്ട അടിയന്തര ഫോണ് നമ്പറുകള് വ്യാപകമായി പ്രചരിപ്പിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകള് സജ്ജമാക്കണം.
Kerala
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി വെള്ളച്ചാട്ടം കാണാനെത്തിയ കോയന്പത്തൂരിൽനിന്നുള്ള അഞ്ചംഗസംഘത്തിലെ അപകടത്തിൽപ്പെട്ട രണ്ടു പേരിൽ യുവതി മരിച്ചു.
യുവാവിനെ നാട്ടുകാരും ഫയർഫോഴ്സിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സും ചേർന്നു രക്ഷപ്പെടുത്തി. കോയന്പത്തൂർ ശരവണപ്പെട്ടിയിലെ ഭാനുപ്രിയ (40) ആണ് മരിച്ചത്. സുഹൃത്തായ ഭരത്തിനെ(35) രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും ബാഡ്മിന്റണ് താരങ്ങളുമായ സുഹൃത്തുക്കൾ രാവിലെ പതിനൊന്നരയോടെയാണു കോയന്പത്തൂരിൽനിന്നു കാറിൽ പാലക്കുഴി മലയിലെത്തിയത്. വെള്ളച്ചാട്ടത്തിൽനിന്ന് 70 മീറ്ററോളം മുകളിലായി പുഴയിൽ ഇറങ്ങിയതായിരുന്നു സംഘം. ഇതിനിടെ പാറയിൽ കാൽവഴുതി ഭാനുപ്രിയ ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ഇറങ്ങിയ ഭരത്തും ഒഴുക്കിൽപ്പെടുകയായിരുന്നു.
രണ്ടു പേരും ഒഴുകി എഴുനൂറോളം അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിൽ പതിക്കുകയായിരുന്നു. ഭരത്ത് നൂറടി താഴെ കയത്തിൽവീണ് അവിടെനിന്നു പൊങ്ങി വശത്തേക്കുതെറിച്ച് പാറയിടുക്കിൽ കുടുങ്ങിക്കിടന്നു. എന്നാൽ, ഭാനുപ്രിയ അതിശക്തമായ കുത്തൊഴുക്കിനൊപ്പം താഴേക്കു വീഴുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്കുശേഷം 500 അടി താഴെ കൊന്നക്കൽക്കടവിൽ മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിനുമുകളിൽ ഉണ്ടായിരുന്ന യുവാക്കളാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം മുകളിലെ ചെക്ക് ഡാമിനടുത്തു വീടുള്ള കുട്ടനാടൻ ചാക്കോച്ചനെ അറിയിച്ചത്. ഉടൻ നാട്ടുകാർ വടവുമായി ഓടിയെത്തി.
വെള്ളച്ചാട്ടത്തിനടുത്തുള്ള മരത്തിൽ വടംകെട്ടി ഇറങ്ങിയ നാട്ടുകാരനായ സെബാസ്റ്റ്യൻ അവശനിലയിലായിരുന്ന ഭരത്തിനെ താഴെക്കുവീഴാത്ത വിധം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിക്കിടത്തി. വിവരമറിഞ്ഞ് പാലക്കാട്ടുനിന്നു ഫയർഫോഴ്സും ഫയർഫോഴ്സിന്റെ തന്നെ സ്പെഷൽ ടാസ്ക് ഫോഴ്സും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വൈകിട്ട് അഞ്ചേകാലിനാണ് ഭരത്തിനെ മുകളിലെത്തിച്ച് ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ദീപ (47), പ്രശാന്ത് (38), ജനനി (37) എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.
Kerala
പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല് പ്രളത്തില് വ്യപാരികള്ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. നിരവധി കടകളിലും ഗോഡൗണുകളിലും വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കള്, വൈദ്യുതോപകരണങ്ങള്, ഫര്ണിച്ചര്, വസ്ത്രങ്ങള്, രേഖകള് എന്നിവ നശിച്ചു.
വെള്ളം ഇറങ്ങിയതോടെ ഇന്നലെ മുതല് വ്യാപാരികളും ജീവനക്കാരും സന്നദ്ധ പ്രവര്ത്തകരും ചേര്ന്ന് ശുചീകരണം ആരംഭിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്, വടക്കേകര, കടുവാമൂഴി, കുരിക്കള് നഗര്, എംഇഎസ് കവല, മറ്റക്കാട്, ചേന്നാട് കവല, പെരുന്നിലം എന്നി പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലില് കുടുതലായി നാശം വിതച്ചത്.
നഗരസഭയിലെ 150ല്പ്പരം വ്യാപര സ്ഥാപനങ്ങളില് വെള്ളം കയറി സാധനങ്ങള് നശിച്ചു. 2018ലേക്കാള് രണ്ട് അടിയിലേറെ ജല നിരപ്പ് ഉയര്ന്നതായി വ്യാപാരികള് പറയുന്നു.
Kerala
പെരുമ്പട്ട(കാസർഗോഡ് ): കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും ഉരുള്പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ചെമ്മരംകയം കമ്പിപ്പാലം പൂര്ണമായും ഒഴുകിപ്പോയി. ഇപ്പോള് ഇവിടെ പാലത്തിന്റെ ഏതാനും തൂണുകള് മാത്രമാണു കാണാനുള്ളത്.
കാസർഗോഡ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരംകയവും കണ്ണൂര് ജില്ലയിലെ പാടിച്ചാലും തമ്മില് ബന്ധിപ്പിക്കുന്ന പാലമാണിത്. അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയമായി തേജസ്വിനിപ്പുഴയ്ക്ക് കുറുകെ മുപ്പതുവര്ഷങ്ങള്ക്ക് മുന്പ് പണിത പാലമായിരുന്നു.
ചെമ്മരംകയത്തെ ക്ഷീരസംഘത്തില് പാല് കൊടുക്കാനും ടാപ്പിംഗിനും മറ്റു കൂലിപ്പണിക്കുമൊക്കെയായി നൂറുകണക്കിന് ആള്ക്കാരാണ് ഈ പാലത്തെ ആശ്രയിച്ചിരുന്നത്. ചെറുപുഴ ഭാഗത്തെ സ്കൂളിലേക്കു പോകുന്ന കുട്ടികള്ക്ക് ഈ പാലം കടന്നാല് സ്കൂള് ബസില് കയറിപ്പോകാന് സാധിക്കുമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു നേരിയ ശമനമായെങ്കിലും തോരാത്ത ദുരിതത്തിലാണ് ജനം. മിന്നൽ പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല.
മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാന്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷൻമാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്.
തിരുവനന്തപുരത്ത് വള്ളം തകർന്നു കടലിൽ കാണാതായ നാലുപേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (26) മൃതദേഹം ശംഖുമുഖം ഭാഗത്തു നിന്ന് കണ്ടെത്തി. വിഴിഞ്ഞത്തു ബോട്ട് തകർന്നു കാണാതായ അടിമലത്തുറ സ്വദേശി ആന്റണി (60)യുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി.
കണ്ണൂർ കൂത്തുപറന്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കേ മരിച്ച രണ്ടുവയസുകാരൻ മാസിൻ, പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഇന്നലെ മരിച്ച മറ്റുള്ളവർ.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം, പല ദുരിതാശ്വാസ ക്യാന്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
കനത്ത മഴ ഇന്നുകൂടി നാളെയോടെ താത്കാലിക ശമനം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയൊടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് ഏഴ് മുതല് 11 സെന്റിമീറ്റര് വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളാകണം. സര്ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്പ്പിച്ചിട്ടുണ്ട്. 27 വീടുകള് പൂര്ണമായും 196 വീടുകള് ഭാഗീകമായും തകര്ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്ക്കും സര്ക്കാര് സഹായം ഉറപ്പാക്കും.
മലയോര മേഖലകളില് ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള് നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്ത്തകരും ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്ക്കാര് സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
പൂഞ്ഞാര്: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര് തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്പൊട്ടലില് വീടിനോടു ചേര്ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില് കുന്നിന്റെ മുകള്ഭാഗത്ത് ഉരുള്പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില് വീട് നിമിഷങ്ങള്ക്കുള്ളില് തകര്ന്നു. ശബ്ദം കേട്ട് സമീപവാസികള് എത്തിയെങ്കിലും ഇരുട്ടായതിനാല് ഒന്നും കാണാന് പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള് ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്ക്കായി ഇളയമകള് സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.
Kerala
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില് കരാര് കമ്പനിയെ പഴിചാരി സര്ക്കാര് റിപ്പോര്ട്ട്. മരണനിരക്ക് കുറച്ചത് സര്ക്കാറിന്റെ സംയോചിതമായ ഇടപെടലുകള് കൊണ്ട് മാത്രമാണെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില് നല്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്ദേശം നല്കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ് നാലിനും നിര്ദേശം നല്കി. അവശിഷ്ടങ്ങള് ജനങ്ങള്ക്ക് ഭീഷണിയാകരുത് എന്ന് കരാര് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില് തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്ദേശിച്ചിരുന്നു.
കരാര് കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നു. ദുരന്തത്തില് അന്വേഷണം ആരംഭിച്ചതായും സര്ക്കാര് കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ് അഞ്ചിന് തുരങ്കപാത നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന് കരാറുകാരുടെ യോഗം ആവര്ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില് രണ്ടു സ്വതന്ത്ര അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള് നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്മാണ പാതയുടെ നിര്മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന് കരാറുകാരന് നിര്ദേശം നല്കിയെന്നും കൊങ്കണ് റെയില്വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്ക്കാണ് നിര്ദേശം നല്കിയതെന്നും റിപ്പോര്ട്ടില് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില് കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില് കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള് സ്വദേശിയുടെതാണ്.