ദുബായി: ഫ്ലൈദുബായ് അട്ടിമറിശ്രമക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം റാഞ്ചി 9/11 മാതൃകയിലുള്ള ഭീകരാക്രമണത്തിനാണ് കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. കോക്പിറ്റിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടർന്ന് വിമാനം റാഞ്ചി ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.
ഒമാൻ പൗരനായ അൽ-ഹമ്മാമി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രയേലിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ക്യാപ്റ്റനെ ആക്രമിച്ചശേഷം വിമാനം സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചതെന്ന് യുഎഇയിൽ അറസ്റ്റിലായ അൽ-ഹമ്മാമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ലാൻഡിംഗിന് അനുമതി നേടിയ ശേഷം വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റ് വിമാനങ്ങളിലേക്കോ ഇടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ജോർദാന് മുകളിലൂടെ പറക്കുന്ന സമയമാണ് ഇയാൾ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംശയം ഒഴിവാക്കുന്നതിനും ആക്രമണത്തിന് ആവശ്യമായ സമയം ലഭിക്കുന്നതിനുമായിരുന്നു ഈ സമയക്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ജൂലൈയിലും അൽ-ഹമ്മാമി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനുമായുള്ള സൗഹൃദത്തെ തുടർന്ന് അവസാന നിമിഷം പദ്ധതി ഉപേക്ഷിച്ചുവെന്നും സൂചനയുണ്ട്.
ഫ്ലൈദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അൽ-ഹമ്മാമി ബെൻ ഗുരിയോൺ വിമാനത്താവളം പലതവണ സന്ദർശിച്ചിരുന്നു. ജൂണിലെ സന്ദർശനത്തിനിടെ വിവരങ്ങൾ ശേഖരിക്കുകയും ആക്രമണത്തിനുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.