ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ വിമാന ഇന്ധനം (Kerosin) ശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ഇന്ധനം തീർന്നുപോകുമെന്ന സാഹചര്യം ഉടലെടുത്തതോടെ ജർമനിയുടെ മുൻനിര വിമാനക്കമ്പനിയായ ലുഫ്താൻസ തങ്ങളുടെ പൈലറ്റുമാർക്ക് അസാധാരണമായ നിർദേശം നൽകി. മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ആവശ്യമുള്ളതിലും കൂടുതൽ ഇന്ധനം നിറച്ചുകൊണ്ടുവരണമെന്നാണ് എയർലൈൻ ഉത്തരവിട്ടിരിക്കുന്നത്.
വിമാന സർവീസുകൾ മുടങ്ങാതിരിക്കാൻ 'ഫ്യൂവൽ ടാങ്കറിംഗ്' (Fuel Tankering) എന്നറിയപ്പെടുന്ന അടിയന്തര നടപടിയാണ് ലുഫ്താൻസ സ്വീകരിച്ചിരിക്കുന്നത്. സാധാരണയായി ഒരു യാത്രയ്ക്ക് ആവശ്യമായ ഇന്ധനവും മുൻകരുതൽ ശേഖരവും മാത്രമാണ് വിമാനങ്ങളിൽ നിറയ്ക്കാറുള്ളത്. എന്നാൽ ഫ്രാങ്ക്ഫർട്ടിലെ ഇന്ധനക്ഷാമം മറികടക്കാൻ, അവിടെ നിന്നുള്ള അടുത്ത സർവീസിനാവശ്യമായ ഇന്ധനം കൂടി മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് തന്നെ സംഭരിച്ചു പറക്കാനാണ് പൈലറ്റുമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിമാനങ്ങൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും സർവീസുകൾ സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ മുന്നൊരുക്കമെങ്കിലും, അധിക ഇന്ധനം വഹിച്ച് പറക്കുന്നത് വിമാനത്തിന്റെ ഭാരം വർധിപ്പിക്കുകയും കമ്പനിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും.