വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയം.
ഈ ചരിത്ര നിമിഷം ആദരിക്കുന്നതിനും അമേരിക്കയുടെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്നതിനും അമേരിക്കയുടെയും ഇന്ത്യയുടെയും തന്ത്രപ്രധാന താത്പര്യങ്ങളുടെ ആഴമേറിയ ഒത്തൊരുമ അടിവരയിടുന്നതിനുമായി "ഫ്രീഡം 250' എന്ന പേരിലാണ് ഈ ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻറെ ആസ്ഥാനമായ ഐതിഹ്യ പ്രസിദ്ധ റിപ്പൺ ബിൽഡിംഗും ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വിഐടി ചെന്നൈയും അമേരിക്കൻ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടതാണ്.
യുഎസ് കോൺസുലേറ്റ് ജനറൽ കെട്ടിടം വലിയ അമേരിക്കൻ പതാകകളും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.