കീവ്: റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലെ എണ്ണസംഭരണശാലകൾ, തന്ത്രപ്രധാന മേഖലകൾ എന്നിവ ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം ശക്തമാക്കിയതോടെ മേഖലയിലേക്കുള്ള ഇന്ധനവിതരണം അധികൃതർ പൂർണമായി നിർത്തിവച്ചു.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ക്രിമിയയിലെ ക്രെംലിൻ ഗവർണർ സെർജി അക്സ്യോനോവ് വ്യക്തമാക്കി.
കഴിഞ്ഞദിവസം യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ധനവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവു പ്രകാരം ക്രിമിയയുടെ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കും ഇനി ഇന്ധനം നൽകുക.
റഷ്യ ക്രിമിയ പിടിച്ചെടുത്തതിനു ശേഷം പ്രദേശത്തുണ്ടാകുന്ന ഏറ്റവും വലിയ ഊർജപ്രതിസന്ധിയാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിമിയയിലെയും റഷ്യയിലെ ക്രാസ്നോദർ മേഖലയിലെയും എണ്ണ സംഭരണശാലകൾക്കു നേരേ യുക്രെയ്ൻ നിരന്തരം ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്.