പാലാ: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രസംഭവന നല്കാന് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നൂതന സൗകര്യങ്ങളോടു കൂടിയ ഗാസ്ട്രോസയന്‍സസ് ആന്‍ഡ് പള്‍മണറി ബ്ലോക്ക് ഉദ്ഘാടനം, ഗാസ്ട്രോസയന്‍സസ് സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായവരുടെ സംഗമം എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടികള്‍.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ലോക നിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമായി മാറിയെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും ബിഷപ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു തെക്കേല്‍, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, റോണി കെ. ബേബി എംഎല്‍എ, മോണ്‍. ജോസഫ് കണിയോടിക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് എം., നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ടി. സി. തങ്കച്ചന് ചികിത്സാനുഭവം പങ്കുവച്ചു. 150 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ടീമിനെയും ദേശീയ ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ജേതാവായ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സിബി വര്‍ഗീസ്, അടിയന്തര സാഹചര്യത്തില്‍ ഗര്‍ഭിണിയായ സ്ത്രീയെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആശുപത്രിയില്‍ എത്തിച്ചു സുരക്ഷിതയാക്കിയ നഴ്സ് ലിറ്റി ജോയി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാര്‍ ഫെലിസിറ്റാസ് ജേതാക്കളായവര്ക്കു സമ്മാനദാനം, മാര്‍ സ്ലീവന്‍സ് അവതരിപ്പിച്ച കള്‍ച്ചറല്‍ പ്രോഗ്രാം റിഥം എന്നിവയും നടന്നു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാലാ രൂപതയിലെ ഫൊറോന വികാരിമാര്‍, വൈദികര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.അത്യാധുനിക നിലവാരത്തിലുള്ള ഉദരരോഗ ചികിത്സാ സംവിധാനങ്ങളാണ് ഇന്നലെ മെഡിസിറ്റില്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
30000 ചതരുശ്രയടി കെട്ടിടത്തിലാണ് ആശുപത്രിയിലുള്ളത്. മെഡിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി, ജിഐ ആന്‍ഡ് എച്ച്പിബി ശസ്ത്രക്രിയകള്‍, ഇന്റർവെന്‍ഷണല്‍ റേഡിയോളജി, നൂതന ഇആര്‍സിപി, എന്‍ഡോസ്കോപിക് അള്‍ട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരള്‍ ശസ്ത്രക്രിയകള്‍, സങ്കീര്‍ണമായ ഉദരരോഗ കാന്‍സറുകള്‍ക്കുള്ള അത്യാധുനിക ചികിത്സകള്‍, നാല് എന്‍ഡോസ്കോപ്പി സ്യൂട്ടുകള്‍, ക്യാപ്സൂള്‍ എന്‍ഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി-ആം, ഫൈബ്രോസ്കാന്‍, ബ്രത്ത് അനലൈസര്‍ തുടങ്ങിയവ ഗ്യാസ്ട്രോസയന്‍സസ് വിഭാഗത്തിലെ പ്രത്യേകതയാണ്.
ക്രൈസ്തവ സമൂഹം ആരോഗ്യമേഖലയ്ക്ക് നല്കുന്ന സേവനം മഹത്തരം: മന്ത്രി മുരളീധരന്
പാലാ: എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കേരളത്തിലെ ക്രൈസ്തവ സമൂഹം ആരോഗ്യ മേഖലയ്ക്ക് നല്കുന്ന സേവനം മഹത്തരമാന്നെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. മെഡിസിറ്റി ആശുപത്രിയുടെ ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഉ്ദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്റ്റാഫ് പാറ്റേണും പുതുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.