തിരുവനന്തപുരം: സ്ത്രീകൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന തള്ളി പാളയം ഇമാം. സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഇസ്ലാമിൽ ഒരു വിലക്കുമില്ലെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി പറഞ്ഞു.
വെള്ളിയാഴ്ച നമസ്കാരത്തിനിടെ സംസാരിക്കുകയായിരുന്നു ഇമാം. വിശ്വാസികൾ എന്ന നിലയിൽ ഇസ്ലാമിക മാർഗനിർദേശങ്ങൾ ഉൾക്കൊണ്ടുവേണം സ്ത്രീകളും പുരുഷന്മാരും പൊതുരംഗത്തേക്ക് പ്രവേശിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഖുർആനിൽ ഒരു തരത്തിലുള്ള ലിംഗവിവേചനവും മുന്നോട്ടുവയ്ക്കുന്നില്ല.
സ്ത്രീയും പുരുഷനും തുല്യരാണെന്ന നിലപാടാണ് പരാമർശങ്ങളിൽ പോലും വ്യക്തമാകുന്നതെന്നും സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. അനാവശ്യ നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും പാളയം ഇമാം വ്യക്തമാക്കി.