ബെർലിൻ: ബവേറിയയിലെ ബാഡ് നോയ്സ്റ്റാഡ്റ്റ് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഇൻഡോ - ജർമൻ ഫെസ്റ്റ് "കുൾട്ടുറ 2026' ശനി, ഞായർ ദിവസങ്ങളിൽ മ്യൂൽബാഷ് ഫാർഗാർട്ടനിൽ നടക്കും.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി വിജയകരമായി നടന്നുപോരുന്ന ആഘോഷത്തിന്റെ നാലാം പതിപ്പാണിത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 4.15ന് ഡീക്കൻ ആൻഡ്രിയാസ് ക്രെഫ്റ്റ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രധാന വേദിയിൽ 80-ലധികം യുവകലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച രാവിലെ 10.30ന് വുർസ്ബർഗ് രൂപത വികാരി ജനറൽ ഡോ. യുർഗൻ ഫോൺദ്രാൻ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് സാംസ്കാരിക സന്ധ്യയും നടക്കും.
ചടങ്ങിൽ ലാൻഡ്രാറ്റിൻ സോണിയ റാം, മേയർ മിഖായേൽ വെർണർ എന്നിവർ ആശംസകൾ അർപ്പിക്കും.
തനത് ഇന്ത്യൻ വിഭവങ്ങളും വിനോദങ്ങളും
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ഒമ്പത് വരെയും ഞായറാഴ്ച അഞ്ച് വരെയും 19-ഓളം തനത് ഇന്ത്യൻ ഭക്ഷണശാലകളും കലാപരിപാടികളും ഉണ്ടാകും. കേരളസ്റ്റൈൽ ചായ, ചെറുകടികൾ, ഹോം മെയ്ഡ് പലഹാരങ്ങൾ എന്നിവ ഫെസ്റ്റിന്റെ ആകർഷണങ്ങളാണ്.
കൂടാതെ കുട്ടികൾക്കായി ഗെയിം സോണും ഒരുക്കിയിട്ടുണ്ട്. കേരളത്തനിമയാർന്ന കലാരുപങ്ങളും തനത് ഇന്ത്യൻ ഭക്ഷണവും ജർമനിയിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഫെസ്റ്റ് വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിട്ടുള്ളത്.
ഫാ. ജോൺസൺ തോട്ടത്തിലിന്റെ നേതൃത്വത്തിൽ മാർട്ടിൻ ടോം പാമ്പൂരിക്കൽ, അന്ന സെബാസ്റ്റ്യൻ, ജിബിൻ പാമ്പക്കൽ എന്നിവർ ജനറൽ കോഓർഡിനേറ്റർമാരായും കമ്യൂണിറ്റി ലീഡേഴ്സായ ജോസ് സെബാസ്റ്റ്യൻ, പ്രിൻസ് മാത്യു, ബിന്ദു സിബി, മായാ മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.