തിരുവനന്തപുരം: വൻ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ലക്ഷങ്ങളുടെ തിരിമറി തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
യൂണിയന്റെ ഭരണം നിലവിൽ അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റെടുത്തത്. മലബാർ മേഖലയിലെ വിവിധ ഡയറികളുടെ പ്രവർത്തനങ്ങളിലാണ് വ്യാപകമായ വെട്ടിപ്പുകൾ കണ്ടെത്തിയിട്ടുള്ളത്.
കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ മാത്രം സർക്കാരിന് 27,45,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രധാന കണ്ടെത്തൽ. ഈ നഷ്ടം വന്ന തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കുന്നതിന് പകരം കണക്കിൽ കുറവ് വരുത്തി ക്രമക്കേട് ഒതുക്കിതീർക്കാൻ ശ്രമം നടന്നു.
ഇതിനുപുറമേ മലപ്പുറം ഡയറിയിൽ വ്യാപകമായ നെയ്യ് മോഷണവും നടന്നു. പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ മാത്രം 84,45,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്.