നെടുങ്കണ്ടം: ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ലോറി വഴിയിൽ കുടുങ്ങിയതോടെ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കോമ്പയാറിലാണ് വലിയ ലോറി വഴിയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്നു വളവുമായി എത്തിയ വലിയ ലോറി എളുപ്പവഴി നോക്കി ഗൂഗിൾ മാപ്പിനെ ആശ്രയിക്കുകയായിരുന്നു. ഇതനുസരിച്ചെത്തിയ ലോറി വീതികുറഞ്ഞ വളവിൽ അകപ്പെട്ടു. ഇതോടെ റോഡിൽ ഗതാഗതം തടസപ്പെടുകയായിരുന്നു. ഒടുവിൽ ജെസിബി എത്തിച്ചാണ് ലോറി വഴിയിൽനിന്നു വലിച്ചുമാറ്റിയത്.