പൂഞ്ഞാർ: കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കുന്നതിനുള്ള വിശേഷാൽ ഗ്രാമസഭയിൽ പ്രതിഷേധ മിരമ്പി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അധ്യക്ഷത വഹിച്ചു. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു വിഷയം അവതരിപ്പിച്ചു. ഒരു സെന്റ് വസ്തു പോലും വനസ്ഥലം ഇല്ലാത്ത പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പൂർണമായും കരട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം. ഇതിനായി സംസ്ഥാന സർക്കാരിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ആക്ഷേപം സമർപ്പിക്കുന്നതിനുഉള്ള പ്രമേയം ഗ്രാമസഭ ഒന്നാകെ പസാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോജി തോമസ്, ക്ലിന്റ് അരീപ്ലാക്കൽ, ബീന മധുമോൻ, പഞ്ചായത്ത് മെംബർ ടെസി ബിജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളും നൂറുകണക്കിന് കർഷകരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും യോഗത്തിൽ പങ്കെടുത്തു .