നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഗുൽവീർ സിംഗിന് വെങ്കലം. 13 മിനിറ്റ് 32.75 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ബഹ്റൈന്റെ ബിർഹാനു ബല്യൂ സ്വർണം നേടിയപ്പോൾ ജപ്പാന്റെ യമാഗുച്ചി വെള്ളി സ്വന്തമാക്കി.
ഈ ഏഷ്യൻ ഗെയിംസിൽ ഗുൽവീറിന്റെ മെഡൽ നേട്ടം ഇതോടെ മൂന്നായി. നേരത്തെ 10,000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടിയിരുന്നു. തിങ്കളാഴ്ച നടന്ന 1500 മീറ്ററിൽ മൂന്ന് മിനിറ്റ് 36.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മികച്ച വ്യക്തിഗത പ്രകടനത്തോടെയായിരുന്നു വെള്ളി നേട്ടം.
10,000 മീറ്ററിൽ 28 മിനിറ്റ് 29.38 സെക്കൻഡിലാണ് ഗുൽവീർ വെള്ളി സ്വന്തമാക്കിയത്. 2023ലെ ഗ്വാംഗ്ചൗ ഏഷ്യൻ ഗെയിംസിലും 10,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഗുൽവീറിന്റെ ആകെ മെഡൽ നേട്ടം നാലായി.