ന്യൂഡൽഹി: ലേലക്കുടിശിക വരുത്തിയവരിൽനിന്ന് അതു തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച വിവരം ഫയൽ ചെയ്യാൻ ദേവസ്വം ബോർഡുകളോടു നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.
കുടിശിക വരുത്തിയവരിൽനിന്നു പലിശസഹിതം പണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ആറു മാസത്തിലൊരിക്കൽ ഫയൽ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ റിപ്പോർട്ട് ഫയൽ ചെയ്യാനായിരുന്നു നിർദേശം.
എന്നാൽ, റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അത് എല്ലാ ആറു മാസവും കോടതിയെ അറിയിക്കുക അപ്രായോഗികമാണെന്നുമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വാദം.
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണെങ്കിലും ഗുരുവായൂർ ദേവസ്വം ബോർഡ് മാത്രമാണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.