ഗുരുവായൂർ: ചർച്ചകളിലൂടെ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചശേഷമേ 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വ്യാപാരിപ്രതിനിധികളുമായുള്ള ചർച്ചയിൽ ഉറപ്പുനൽകി.
ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ദേവസ്വം വിളിച്ചു ചേർത്ത വ്യാപാരികളുടെയും ക്ഷേത്ര നഗര വികസന സമിതിയുടെയും യോഗത്തിലാണ് ചെയർമാൻ ഉറപ്പുനൽകിയത്. സമഗ്രമായ "മാസ്റ്റർ പ്ലാൻ' തയാറാക്കിയശേഷം മാത്രം ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഭൂമി വിട്ടുനൽകേണ്ടി വരുന്ന വ്യാപാരികൾക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും ഇവർ വ്യക്തമാക്കി.
വർഷംതോറും വർധിച്ചുവരുന്ന ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് 50 വർഷത്തെ വികസനസാധ്യതകൾ മുൻനിർത്തിയുള്ള വികസനപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ദേവസ്വം അധികൃതർ ചൂണ്ടിക്കാട്ടി. എങ്കിലും വ്യാപാരികളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചുകൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു.
ആശങ്കകൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഈ മാസം 23-ന് ദേവസ്വം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. ഇതിനുശേഷം വ്യാപാരികളുമായി വീണ്ടും ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.
ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, തഹസിൽദാർമാരായ ടി.എ. ഷാജി, പി. എൻ. സുരേഷ്, ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, വ്യാപാരി പ്രതിനിധികളായ ടി.എൻ. മുരളി, ജി.കെ.പ്രകാശൻ,ഒ.കെ.ആർ.മണികണ്ഠൻ, രമേഷ് പുതൂർ, എൻ.പ്രഭാകരൻ നായർ, ടി.നിരാമയൻ എന്നിവർ പങ്കെടുത്തു.
Tags : Guruvayur Devaswom