ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനു വിരാമമിട്ട് സമാധാനക്കരാറിലേക്ക് അമേരിക്കയും ഇറാനും അടുത്തെങ്കിലും സംഘർഷം സാന്പത്തിക ആഘാതമേൽപ്പിച്ച ഇന്ത്യയിലേക്ക് ആശ്വാസമെത്താൻ വൈകും. സമാധാനക്കരാർ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നീക്കുമെങ്കിലും സംഘർഷം മൂലം കുതിച്ചുയർന്ന ഇന്ധനനിരക്കുകൾ സാധാരണ നിലയിലെത്താൻ വൈകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സംഘർഷം തുടങ്ങിയതിനുശേഷം ഇന്ധനനീക്കം താറുമാറായിരുന്നു. ഇരുരാജ്യങ്ങളുടെയും പരസ്പരമുള്ള ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട ചില ഊർജകേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംഘർഷത്തിനു മുന്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്താൻ സമയമെടുത്തേക്കും. ഗൾഫിലെ എണ്ണ കയറ്റുമതി രാജ്യങ്ങൾ എത്ര വേഗത്തിൽ പൂർവസ്ഥിതിയിലെത്തുമെന്നത് ആഗോള ക്രൂഡ് ഓയിൽ വില കുറയുന്നതിനുള്ള കാരണങ്ങളിൽ പ്രധാനമാണ്.
അതേസമയം, സമാധാന കരാറിന്റെ ഭാഗമായി അമേരിക്ക ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങൾ നീക്കുന്നത് ഇറാനിൽനിന്ന് വലിയതോതിൽ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് അടുത്ത ദിവസങ്ങളിൽ നേട്ടമാകും. സംഘർഷത്തിന്റെ ആദ്യദിനങ്ങളിൽ രാജ്യത്തെ എണ്ണക്കന്പനികൾക്കുണ്ടായ നഷ്ടം നികത്തേണ്ടതിനാൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വരുംദിവസങ്ങളിൽ കുറവ് വന്നാലും ഉടൻതന്നെ ഇന്ധനവിലയിൽ പ്രതിഫലിക്കാൻ സാധ്യതയില്ല. കുത്തനെ ഉയർന്ന വിമാനനിരക്കുകളും കന്പനികൾ ഉടൻ കുറയ്ക്കില്ല.
പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും ആശ്വാസം നൽകുന്നതാണ്. ക്രൂഡ് ഓയിലിന്റെ വില വരുംദിവസങ്ങളിൽ കുറയുന്നത് കഴിഞ്ഞ മാസങ്ങളിൽ ഭീമമായി വർധിച്ച ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കും. എന്നാൽ സംഘർഷത്തിനുശേഷം രാജ്യത്തെ സാധാരണക്കാരന് ഇരുട്ടടി നൽകിയ പെട്രോൾ, ഡീസൽ വിലവർധനയും എൽപിജി വിലവർധനയും കുറയ്ക്കാൻ സർക്കാർ തയാറാകില്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.