ന്യൂഡൽഹി: തിരിച്ചറിയൽ രേഖയ്ക്കപ്പുറം പൗരത്വം, സ്ഥിരതാമസം, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് കണക്കാക്കരുതെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പു കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ട കക്ഷികളിൽനിന്നു മറുപടി തേടിയത്.
ആധാർ പൗരത്വത്തിന്റെയോ സ്ഥിരതാമസത്തിന്റെയോ തെളിവല്ലെന്ന ു വ്യക്തമാക്കി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
നിലവിൽ സ്കൂൾ പ്രവേശനം, വസ്തു ഇടപാടുകൾ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് ആധാർ ഔദ്യോഗികമായി പ്രായത്തിന്റെയും മേൽവിലാസത്തിന്റെയും തെളിവായി പരക്കെ സ്വീകരിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഫോറം ആറിൽ ജനനത്തീയതിയും താമസസ്ഥലവും തെളിയിക്കാൻ ആധാർ ഉപയോഗിക്കുന്നതിനെ ഹർജിയിൽ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.
ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ച വിദേശികൾ ഉൾപ്പെടെയുള്ള ഏതൊരാൾക്കും വാടകക്കരാറോ പ്രാദേശിക ജനപ്രതിനിധിയുടെ ശിപാർശക്കത്തോ ഉൾപ്പെടെ ലളിതമായ രേഖകൾ ഉപയോഗിച്ച് ആധാർ എടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള നടപടി പൗരന്മാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകളുടെ സുതാര്യത തകർക്കുന്നതിനും കാരണമാകുമെന്നു ഹർജിക്കാരൻ ആരോപിച്ചു.
Tags : Supreme Court Aadhaar prevent misuse