പത്തനംതിട്ട: ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര ശ്രീകോവിലിന്റെ മേൽകൂരയിൽ സ്വർണം പൊതിഞ്ഞ ഭാഗത്ത് രണ്ട് ഇടങ്ങളിലായി കറുത്ത അടയാളങ്ങൾ.
ശ്രീകോവിലിന് വലതു ഭാഗത്തെ മേൽക്കൂരയുടെ സ്വർണം പൊതിഞ്ഞ അഞ്ചു പാളികളിലും ശ്രീകോവിലിന് പിൻ ഭാഗത്തുള്ള മേൽക്കൂരയിലെ ചരിവുള്ള ഭാഗത്തുമാണ് പാടുള്ളത്. മുകളിൽനിന്ന് എന്തോ ഒലിച്ചിറങ്ങിയ നിലയിലാണ് ഇത് കാണപ്പെടുന്നത്.
കറുത്ത അടയാളം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ല. ഭക്തർ നെയ്യ് മുകളിലേക്ക് ഒഴിച്ചാതാകാമെന്ന് പറയുന്നു. എന്നാൽ ആസിഡ് തളിച്ച് സ്വർണം ഉരുക്കി എടുക്കാൻ ശ്രമം നടത്തിയതാകാമെന്നും പ്രചാരണമുണ്ട്. ശ്രീകോവിലിന് മുകൾ ഭാഗം കഴുകിയാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്.
വിവരം അറിഞ്ഞ ഉടൻ ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, തിരുവാഭരണം കമ്മീഷണർ ആർ. റെജിലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് എന്നിവർ എത്തി.
എസ്ഐടി ഉദ്യോഗസ്ഥരും പാടുകൾ നിരീക്ഷിച്ചു. മിഥുനമാസ പൂജയ്ക്ക് നട തുറന്ന ദിവസമാണ് പാടുകൾ ശ്രദ്ധയിൽപെട്ടത്.
Tags : Sabarimala shrine Black marks