കണ്ണൂർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി സി. സദാനന്ദൻ എംപി. അത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണം ശരിയായില്ലെന്നും കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിസിമാര്ക്കെതിരേ മുഖ്യമന്ത്രി വി.ഡി. സതീശന് ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണെന്ന പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവന പൂർണമായും ശരിയും ഗൗരവമുള്ളതുമാണ്. തന്നെ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കും എന്നത് വെറും പ്രചാരണം മാത്രമാണ്.
അത്തരം ഒരു വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ല. തന്നോട് ഇക്കാര്യം ആരും ചോദിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. സിൽവർ ലൈനിനു പകരം കേരളത്തിനായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച സമാന്തരപാതയെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഗൗരവമായി പഠിച്ചുവരികയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പോസിറ്റീവായ കാഴ്ചപ്പാടാണെന്നാണു താൻ മനസിലാക്കുന്നതെന്നും എംപി പറഞ്ഞു.
Tags : C Sadanandan kannur rss program