Kerala
കണ്ണൂർ: കണ്ണൂരില് വന് രാസലഹരി വേട്ട. 462 ഗ്രാം എംഡിഎംഎയുമായി ബേക്കറി ഉടമ പെരുമാച്ചേരി സ്വദേശി ബാദുഷ ആണ് പിടിയിലായത്. കമ്പില് ടൗണിലെ ബിആര് ലേബാന് എന്ന ബേക്കറിയില് നിന്നാണ് എക്സൈസ് സംഘം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ബേക്കറിയിൽ പരിശോധന നടത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയെ നാട്ടുകാര് മര്ദിച്ചു. ഏറെ പണിപ്പെട്ടാണ് പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്.
ബാദുഷയുടെ കാറില് നിന്നും 11 ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു. കമ്പില് ഭാഗത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്ന കണ്ണികളില് പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
NRI
കണ്ണൂർ: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ പ്രതീക്ഷ വിദ്യാഭ്യാസ പുരസ്കാരം കണ്ണൂർ ജില്ലയിൽ 20 വിദ്യാർഥികൾ ഏറ്റുവാങ്ങി.
പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച 11 പേർക്കും പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഒമ്പത് പേർക്കുമാണ് പുരസ്കാരം നൽകിയത്. വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുത്തിയാണ് പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് കണ്ണൂരിലും ചടങ്ങ് സംഘടിപ്പിച്ചത്.
Kerala
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില് ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ(31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Kerala
കണ്ണൂർ: എയിംസിന് തറക്കല്ലെങ്കിലും ഇടാതെ താൻ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരുമെന്നും അത് താൻ നൽകിയ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.
ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നൽകിയിട്ടുണ്ട്. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള അഞ്ച് സ്ഥലങ്ങളുടെ പ്രപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. അത് നൽകുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നൽകും. കാർഷിക സർവകലാശാലയുടെ തൃശൂരിലെ ഭൂമി ഉൾപ്പെടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം.
അതേസമയം, മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലിസിൽ പരാതി നൽകി. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെനില ഗുരുതരമായ വിവരം ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും വിവരങ്ങൾ കൃത്യമായി പങ്കുവയ്ക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നും കുടുംബം ആരോപിച്ചു.
പരാതിക്ക് പിന്നാലെ സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് കുഞ്ഞിയാണ് ഫാത്തിമയുടെ ഭർത്താവ്. മക്കൾ: റഷിത, റഫീനാ. സിദ്ധിഖ്. മരുമക്കൾ: ഉസ്മാൻ, നിശാദ്.
Kerala
കണ്ണൂർ: തലശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീൻ ആണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ തലശേരി പൊലിസ് പിടികൂടിയത്.
തലശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെ ആയിരുന്നു കവർച്ച. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലിസ് പിടികൂടുകയായിരുന്നു.
Kerala
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറ വളവിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ചരക്ക് ലോറിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്.
ഇന്ന് പുലർച്ചെ ആറോടെയായിരുന്നു അപകടമുണ്ടായത്. പഴയങ്ങാടി ഭാഗത്തുനിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയാണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. ഒരു മാസത്തിനുള്ളിൽ ഏഴ് ചെറുതും വലുതുമായ അപകടങ്ങളാണ് രാമപുരം, കൊത്തിക്കുഴിച്ച പാറ എന്നിവിടങ്ങളിൽ ഉണ്ടായത്.
റോഡിലെ അശാസ്ത്രിയമായ നിർമാണവും സിഗ്നൽ സംവിധാനത്തിന്റെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന ആരോപണം ശക്തമാണ്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിനീഷ് കോടിയേരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ രംഗത്ത്. എക്സാലോജിക് കേസ് സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിച്ചതെന്ന് എം.വി. ജയരാജൻ പറഞ്ഞു.
ബിനീഷിന്റെ കേസിൽ കോടിയേരി ബാലകൃഷ്ണനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി പറഞ്ഞത് അതുകൊണ്ടാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരായി റിമാൻഡ് റിപ്പോർട്ടോ അന്വേഷണ റിപ്പോർട്ടോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ എക്സാലോജിക് കേസ് സിപിഎമ്മിനെയും അതിന്റെ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ കേസാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂരിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
ബംഗാൾ സ്വദേശി കലിത്തോത്തെ ആണ് മരിച്ചത്. കണ്ണൂർ കരുവഞ്ചാലിൽ ആണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Kerala
കൊല്ലം: കണ്ണൂരില് തനിക്കുനേരേ നടന്ന അക്രമത്തിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും പിണറായി വിജയന്റെ നിര്ദേശപ്രകാരമാണ് പ്രതിഷേധങ്ങള് നടക്കുന്നതെന്നും മന്ത്രി ഒ.ജെ. ജനീഷ്. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാസപ്പടിയാണോ, ഇഡി ആണോ പിണറായിക്ക് എന്താണ് ഒളിക്കാനുള്ളതെന്ന് മന്ത്രി ചോദിച്ചു. താനും കൂടി പ്രതിഷേധക്കാര്ക്കെതിരേ ഇറങ്ങി നിന്നാല് എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ളക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണ് സമരക്കാരെന്ന് മന്ത്രി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. മോദിക്കെതിരേ, അമിത്ഷാക്കെതിരേയെല്ലാം പ്രതിഷേധം നടക്കുന്നു.
വോട്ടവകാശം അട്ടിമറിക്കാന് ഉള്ള നീക്കത്തിനെതിരേയാണ് യൂത്ത് കോണ്ഗ്രസിന്റെ പോരാട്ടം. അതിന്റെ ഭാഗമായാണ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തില് കൊല്ലത്ത് പ്രതിഷേധം നടന്നതെന്നും കണ്ണൂരില് തനിക്ക് നേരേ നടന്ന അക്രമം സ്വാഭാവികമായി കാണാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്പ്പടെ ഉള്ളവര് കണ്ണൂരില് പോയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇങ്ങനെ അക്രമം അഴിച്ചുവിട്ടാല് എങ്ങനെ നാട്ടില് ക്രമസമാധാനം ഉണ്ടാകുമെന്ന് മന്ത്രി ചോദിച്ചു.
അവര് നിലവിലെ സാഹചര്യത്തെ സുവര്ണാവസരമായി മാറ്റാന് ഉള്ള നീക്കത്തിലായിരുന്നു. കോണ്ഗ്രസ് പ്രതിപക്ഷത്ത് ഇരുന്നപ്പോള് കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. പക്ഷേ ആരുടെയും വാഹനം തകര്ത്തിട്ടില്ല.
കഴിഞ്ഞ ദിവസം തന്റെ വാഹനം ആക്രമിച്ചു. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞു ഞാന് ആശുപത്രിയില് പോയി കിടന്നില്ലെന്നും പത്തിടത്താണ് തനിക്കെതിരേ പ്രതിഷേധം നടന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ ശനിയാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നഗരസഭാ ചെയർമാൻ ഇ.വി.രാമകൃഷ്ണന് മർദനമേറ്റിരുന്നു ഇതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Kerala
കണ്ണൂർ: കോൺഗ്രസ് സ്തൂപത്തിന് നേരേ കരി ഓയിൽ പ്രയോഗം. അഴീക്കോട് വൻകുളത്തുവയലിലെ രാജീവ് ഗാന്ധി സ്തൂപമാണ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയത്. ഇന്നു രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
1998ൽ സഞ്ജയ് യൂത്ത് ക്ലബ് സ്ഥാപിച്ചതാണ് സ്തൂപം. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ, ട്രഷറർ കെ.പ്രമോദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, ടി.കെ. അജിത്ത്, ടി.എം.മോഹനൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kerala
കണ്ണൂർ: കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരിൽ വച്ചും വാഹനത്തിന് നേരെ ആക്രമണമുണ്ടായി.
കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പിൽ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് കാസർഗോട്ടേയ്ക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്.
പത്തിലേറെ വരുന്ന പ്രവർത്തകർ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തിൽ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നു. കാറിന് മുന്നിലെ കൊടിയും ഒടിഞ്ഞു. റെയിൻഗാർഡിനും കേടുപാടുണ്ടായി.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിന് വികാരനിർഭരമായ കുറിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നെന്നും പിണറായി അനുസ്മരിച്ചു.
ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർട്ടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു കോടിയേരിയെന്ന് കുറിച്ച പിണറായി വിജയൻ തലശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവച്ച് കോടിയേരി മുൻപന്തിയിലുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം;
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷം തികയുകയാണ്. സഖാവിന്റെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും ഒരു വഴിവിളക്കുപോലെ അദ്ദേഹത്തിന്റെ സ്മരണകൾ നമുക്ക് മുന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. പാർട്ടിക്കെതിരെ ഉയർന്ന ആക്രമണങ്ങളെ കാരിരുമ്പിന്റെ കാർക്കശ്യത്തോടെ സഖാവ് പ്രതിരോധിച്ചു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
വിദ്യാർത്ഥി സംഘടനാ രംഗത്തു നിന്നും വളർന്നു വന്ന്, അടിയന്തരാവസ്ഥയുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി, ജനകീയ സമരങ്ങളുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് സഖാവ് മുൻപന്തിയിലുണ്ടായിരുന്നു.
മികച്ച ഭരണാധികാരി, ശ്രദ്ധേയനായ പാർലമെന്റേറിയൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കോടിയേരി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഞ്ഞടിച്ച കൊടുങ്കാറ്റിനു മുന്നിലും പാർടിയെ ഉലയാതെ കാത്ത കപ്പിത്താനായിരുന്നു സഖാവ് കോടിയേരി. നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറിയ അദ്ദേഹം, ഭരണ-പ്രതിപക്ഷ ബഞ്ചുകളിലായി മികച്ച പാർലമെന്റേറിയനെന്ന നിലയിൽ വലിയ അംഗീകാരം നേടി.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പോലീസ് സേനയിൽ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളും, ടൂറിസം മേഖലയ്ക്ക് നൽകിയ പുതിയ ഉണർവും മികച്ച ഭരണാധികാരി എന്ന വിശേഷണം കോടിയേരിക്ക് നേടിക്കൊടുത്തു.
വ്യക്തിപരമായി വലിയൊരു നഷ്ടമാണ് സഖാവിന്റെ വിയോഗം സൃഷ്ടിച്ചത്. നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി സഖാവ് ഒപ്പമുണ്ടായിരുന്നു. ഏതു കടുത്ത പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ആ ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച കോടിയേരിയുടെ സ്മരണകൾ സമത്വപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് എക്കാലവും ഊർജം പകരും. സഖാവിന്റെ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ.
National
ബംഗളൂരു: ഗാന്ധിജയന്തി, ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ.
എസ്എംവിബി-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06585) വ്യാഴാഴ്ച വൈകുന്നേരം 4.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക.
എസ്എംവിബി-കണ്ണൂർ സ്പെഷ്യൽ (06595) വ്യാഴാഴ്ച രാത്രി 9.45ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരം 4.10ന് ആരംഭിക്കും.
Kerala
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നരവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് പൊലിസ്.
ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിലാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണോയെന്ന് പൊലിസ് ഉടൻ തീരുമാനിക്കും.
അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനാവുകയായിരുന്നു.
ഒരാഴ്ചക്ക് ശേഷം ജൂലൈ 10ന് കുട്ടി മരിച്ചു. ചികിത്സാ പിഴവ് ഉണ്ടായെന്നായിരുന്നു ആദ്യം വിഷയം പരിഗണിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.
Kerala
കണ്ണൂർ: ജില്ലയിൽ രണ്ടിടങ്ങളിൽ തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയം. പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത എൽഡിഎഫ് മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് നിലനിർത്തുകയും ചെയ്തു.
ബാവോട് ഈസ്റ്റിൽ സിപിഎം സ്ഥാനാർഥി കെ.വി. രതീശൻ 65 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം. രഞ്ചിഷിനെ പരാജയപ്പെടുത്തിയത്. രതീശന് 600 വോട്ടും രഞ്ചിഷിന് 535 വോട്ടും ബിജെപി സ്ഥാനാർഥി കെ.പി.പ്രജിത്തിന് 56 വോട്ടും ലഭിച്ചു. യുഡിഎഫിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 1,393 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ13 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എൽഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തത്.അന്ന് യുഡിഎഫിന് 530 വോട്ടും എൽഡിഎഫിന് 517 വോട്ടും ബിജെപിക്ക് 87 വോട്ടുമാണ് ലഭിച്ചത്.
ഉരുവച്ചാൽ വാർഡിൽ സിപിഎമ്മിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ ലത്തീഫ് പഴശിയെ പരാജയപ്പെടുത്തിയത്. സുരേഷ് കുമാറിന് 638 വോട്ടും ലത്തീഫ് പഴശിക്ക് 362 വോട്ടും ബിജെപി സ്ഥാനാർഥി കെ.മോഹനന് 31 വോട്ടുമാണ് ലഭിച്ചത്. ആകെയുള്ള 1234 വോട്ടർമാരിൽ 1031 പേരാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ഇത്തവണ ഏഴ് വോട്ട് കൂടുതൽ ലഭിച്ചു. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ നടക്കുന്നതിനാൽ ഒരു വർഷം മാത്രമാണ് പുതിയ കൗൺസിലറുടെ കാലാവധി ഉണ്ടാകുക.
Kerala
കണ്ണൂർ: കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
താണയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Kerala
കണ്ണൂര്: തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിൽ മുസ്ലിം ലീഗുകാർ വർഗീയത പ്രചരിപ്പിച്ചെന്ന സിപിഎം നേതാവ് പി. ജയരാജന്റെ ആരോപണത്തിൽ പിന്തുണയുമായി മുന് മന്ത്രി കെ.ടി. ജലീല്. ഇത്തരം ആരോപണങ്ങള് ലീഗിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജലീലിന്റെ ആരോപണം. ഒരേസമയം കടുത്ത വര്ഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട് മതേതരത്വത്തിന്റെ വാഹകരാകാനുമുള്ള ലീഗിന്റെ അഭിനയമികവ് അസാധ്യമാണെന്നും കെ.ടി. ജലീല് കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
ലീഗിന്റെ "അഭിനയമികവിനു" മുന്നിൽ മമ്മൂട്ടിയും മോഹൻലാലും തോറ്റു പോകും!
ജയരാജേട്ടൻ ലീഗിന്റെ വർഗീയക്കളികൾ ഇപ്പോഴാണോ മനസിലാക്കുന്നത്? ഇത്തരം ആരോപണങ്ങൾ ലീഗിന്റെ സ്ഥിരം കലാപരിപാടിയാണ്. മങ്കടയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മഞ്ഞളാംകുഴി അലി ആദ്യത്തെ തവണ മൽസരിച്ചപ്പോൾ ലീഗ് വ്യാപകമായി നടത്തിയ പ്രചരണം, നമസ്കാരപ്പായയിൽ ഇരുന്ന ഉമ്മയെ തൊഴിച്ചവനാണ് അലി എന്നാണ്.
അലി നിസ്കരിക്കൂല, നോമ്പ് നോൽക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല...... അങ്ങിനെ പോയി ലീഗിന്റെ ആരോപണങ്ങൾ. ആ തെരഞ്ഞെടുപ്പിൽ അലി ആയിരം വോട്ടിന് തോറ്റു. 2011-ൽ തൃത്താലയിൽ മൽസരിച്ച സഖാവ് മമ്മിക്കുട്ടിക്കെതിരെ ലീഗ് പ്രചരിപ്പിച്ചത് കേൾക്കണ്ടെ! മമ്മിക്കുട്ടിക്ക് കള്ള് ഷോപ്പിലാണ് ജോലി. മുഴുകുടിയനാണ്, നിസ്കരിക്കൂല, നോമ്പ് നോൽക്കൂല, വെള്ളിയാഴ്ച ജുമുഅക്ക് പോലും പോകൂല.... അങ്ങിനെ പോയി ലീഗിന്റെ ആക്ഷേപം. മമ്മിക്കുട്ടി ചെറിയ വോട്ടിന് തോറ്റു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്കെതിരെ പ്രചരിപ്പിച്ചത് എന്തായിരുന്നെന്നോ? ജലീല് സ്വർഗവും നരകവും ഇല്ലാന്ന് പറഞ്ഞു, എ.കെ.ജി.യും ഇ.എം.എസും ഇല്ലാത്ത സ്വർഗ്ഗം വേണ്ടെന്ന് പറഞ്ഞു.....അങ്ങിനെ എന്തൊക്കെ? എല്ലാറ്റിനും പുറമെ ഞാനെഴുതാത്ത ഒരു വ്യാജ സ്ക്രീൻഷോട്ടും എന്റെ പേരിൽ പ്രചരിപ്പിച്ചു. എനിക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള ന്യൂനപക്ഷ വോട്ടുകൾ തടയലായിരുന്നു ലീഗ് ലക്ഷ്യം.
ഡോ: ബി.ഇക്ബാൽ ചങ്ങനാശ്ശേരിയിൽ മൽസരിച്ച ഘട്ടത്തിലും സമാന ആരോപണങ്ങൾ മുസ്ലിം വീടുകൾ കയറി ലീഗുകാർ പ്രചരിപ്പിച്ചു. അന്ന് നിസ്സാര വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്.
ഇടതുപക്ഷത്ത് മൽസരിക്കുന്ന മുസ്ലിം പേരുള്ള ഏതാണ്ടെല്ലാവരും ലീഗിന്റെ ഭാഗത്തു നിന്ന് നേരിടുന്ന തികച്ചും വർഗീയത കലർന്ന ആക്ഷേപങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടിട്ടുള്ളവരാണ്. ഇതെല്ലാം. ലീഗ് രണ്ടായി പിളർന്ന കാലത്ത് ഇടതുപക്ഷ മുന്നണിയിൽ മൽസരിച്ച അഖിലേന്ത്യാ ലീഗ് സ്ഥാനാർത്ഥികളും സമാന ആരോപണങ്ങൾ നേരിട്ടവരാണ്.
ഇതേ ആളുകൾ ലീഗ് സ്ഥാനാർത്ഥികളായാൽ അവരോളം നല്ല "മുസ്ലിം" വേറെയില്ലെന്ന മട്ടിലാകും പച്ചക്കള്ളം പറഞ്ഞ അതേ നാവുകൊണ്ട് ലീഗുകാർ വീടുകൾ കേറിപ്പറയുക. അതിനൊന്നും യാതൊരു ലജ്ജയും അവർക്കില്ല. അങ്ങിനെ തിരിച്ചും മറിച്ചും ലീഗുകാർ പറഞ്ഞത് കേൾക്കാൻ ഭാഗ്യം കിട്ടിയ മനുഷ്യനാണ് മഞ്ഞളാംകുഴി അലി. അബ്ദുല്ലക്കുട്ടി ഇടതുസ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മൽസരിച്ച ഘട്ടത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല.
ഇതെല്ലാം ചെയ്ത് അപ്പുറത്തു പോയി ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ "നല്ലപിള്ള" ചമഞ്ഞ് ഞെളിഞ്ഞിരിക്കാനും യാതൊരു മനസാക്ഷിക്കുത്തും ലീഗിനില്ല. ഒരേസമയം കടുത്തവർഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട മതേതരത്വത്തിന്റെ വാഹകരാകാനുമുള്ള ലീഗിന്റെ ''അഭിനയമികവ്" അസാദ്ധ്യമാണ്. മമ്മൂട്ടിയും മോഹൻലാലും വരെ ലീഗിനു മുന്നിൽ തോറ്റുപോകും.
Kerala
കണ്ണൂർ: അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ താവക്കരയിലാണ് സംഭവം. രാവിലെ ഒൻപതോടെ വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു.
സംഭവത്തെ തുടർന്ന് ഡ്രൈവർ ആദർശിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. അമിതവേഗതയിൽ വളവ് തിരിഞ്ഞുവന്ന ബസാണ് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്. ബസ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടക്ടറെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Sports
കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഈ മാസം 25ന് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിൽ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം.
മത്സരങ്ങളുടെ എണ്ണം ഇത്തവണ 33ൽ നിന്ന് 35 ആയി വർധിപ്പിച്ചിട്ടുണ്ട്. സെമി മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായാകും നടക്കുക. ലീഗ് മത്സരങ്ങളിൽ എക്സ്ട്രാ ടൈം ഉണ്ടാകില്ല. 90 മിനിറ്റിൽ സമനിലയിൽ അവസാനിക്കുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കുക പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാകും.
90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നവർക്ക് രണ്ട് പോയിന്റും തോൽക്കുന്ന ടീമിന് ഒരു പോയിന്റുമാകും നോക്കൗട്ട് മത്സരങ്ങൾ 90 മിനിറ്റിൽ സമനിലയിൽ ആവുകയാണെങ്കിൽ എക്സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും വഴിയാകും ഫലം നിശ്ചയിക്കുക.
ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് 'സൂപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി കൂടി ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച് കണ്ണൂരിൽ താമസിച്ചുവന്ന നാലു ബംഗ്ലാദേശ് വനിതകളെക്കൂടി കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു.
ജമാൽപുരിലെ നസ്മ അക്തർ (40), ഖുൽനയിലെ തസ്ലീമ ഖാത്തൂൺ (25), മോയ്ന ഖാത്തൂൺ (29), നസ്റിൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്ഐ ടി.കെ.അഖിലും സംഘവും താമസസ്ഥലത്തുനിന്ന് പിടികൂടിയത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന സ്പായിൽ ജോലി ചെയ്യുകയായിരുന്ന സലീന ഖാനെ (29) കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂരിൽ ഒരു സ്പായിൽ ജോലി ചെയ്യുന്ന യുവതികൾ കക്കാട് ഒണ്ടേൻപറമ്പിനു സമീപത്തെ ക്വാർട്ടേഴ്സിലാണു താമസിച്ചിരുന്നത്. കണ്ണൂരിൽ സ്പാ നടത്തുന്നയാൾക്ക് വാടകയ്ക്കു നൽകിയതായിരുന്നു ക്വാർട്ടേഴ്സ്. ഇന്ത്യയിലേക്കുള്ള പാസ്പോർട്ടോ വീസയോ ഇവർക്കില്ലെന്നു പൊലിസ് പരിശോധനയിൽ കണ്ടെത്തി.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച് ടി.കെ.ഗോവിന്ദൻ എംഎൽഎ. പിണറായിക്ക് മകള് മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ആളെ ചേര്ക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്ക്കാരിന്റെ ആയുധം നിലവാരം ഇല്ലാത്ത ഏജന്സിയാണെന്നും ഇഡിയുടേത് രാഷ്ട്രീയ പക പോക്കാലാണെന്നും എംഎല്എ പറഞ്ഞു. കേസില് പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കില് ശിക്ഷിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഡി പറയുന്ന കാര്യങ്ങള് അന്നം തിന്നുന്നവര്ക്ക് വിശ്വസിക്കാന് സാധിക്കില്ലെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ എംഎല്എ രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി പരമ യോഗ്യന് ആണെന്ന നിലപാട് തനിക്കില്ലെന്ന് പറഞ്ഞ എംഎൽഎ സംസ്ഥാന സെക്രട്ടറിയാകാന് യോഗ്യതയുള്ള നിരവധി ആളുകള് പാര്ട്ടിയിലുണ്ടെന്നും കൂട്ടിച്ചേർത്തു.
District News
കണ്ണൂര്: സൂപ്പര് ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര് വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള് നടക്കുന്ന കണ്ണൂര് മുന്സിപ്പല് ജവഹര് സ്റ്റേഡിയത്തില് ഒരുക്കങ്ങള് പുരോഗമിക്കുന്നു.
ആദ്യഘട്ടത്തിൽ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള് വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ പൂര്ത്തിയായി. സൂപ്പര് ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില് സ്റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില് പുല്ലുവച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്.
ഗാലറിയുടെ പെയിന്റിംഗ്, സ്റ്റേഡിയത്തില് താത്കാലികമായുള്ള ലൈറ്റുകൾ സ്ഥാപിക്കൽ, ഡ്രസിംഗ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗിനു വേണ്ട പ്രത്യേക സൗകര്യങ്ങള് തുടങ്ങിയ പ്രവൃത്തികൾ വരും ദിവസങ്ങളില് ആരംഭിക്കും.
25ന് കണ്ണൂര് ജവഹര് സ്റ്റേഡിയത്തില് നടക്കുന്ന കണ്ണൂര് വാരിയേഴ്സ് എഫ്സി തൃശൂര് മാജിക് എഫ്സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സൂപ്പര് ലീഗ് കേരള മൂന്നാം സീസൺ തുടങ്ങുക.
നിലവിലെ ജേതാക്കളായ കണ്ണൂര് വാരിയേഴ്സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിംഗ് നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.26 അംഗ ടീമില് ആറ് വിദേശതാരങ്ങളും എട്ട് കണ്ണൂര് താരങ്ങളുമാണുള്ളത്.
Kerala
കണ്ണൂർ: പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ചരമവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.
ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത്.
ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇഡി കേസെടുക്കാതിരുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറി. കോൺഗ്രസ്- ബിജെപി ഡീലാണ് ഇപ്പോൾ നടക്കുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ശ്മശാനം ജീവനക്കാരനെ മർദിച്ചതായി പരാതി. പൊതുശ്മശാനത്തിൽ ചിതയൊരുക്കിയ കുഴി മാറി കർമംചെയ്തെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ മർദനം. സംഭവത്തിൽ മർദനമേറ്റ രഞ്ജന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
ചിതയുടെ നമ്പർ മാറി നൽകിയത് പ്രശ്നത്തിന് കാരണമായെന്നാണ് ആരോപണം. പയ്യാമ്പലം പൊതുശ്മശാനത്തിൽ ശനിയാഴ്ചയാണ് ചാല സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത്. അസ്ഥി ശേഖരിക്കുന്നതിനുള്ള ചടങ്ങുകൾക്കായി മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളെത്തിയപ്പോളാണ് ചിതയൊരുക്കിയ സ്ഥലത്ത് മറ്റാരോ കർമം നടത്തിയത് ശ്രദ്ധയിൽപെടുന്നത്.
അന്വേഷണത്തിൽ ചിതയൊരുക്കുന്ന കളത്തിന്റെ നമ്പർ പരസ്പരം മാറിയതാണെന്നു വ്യക്തമായി. വെള്ളിയാഴ്ച മരിച്ച കൂടാളി സ്വദേശിയുടെ ബന്ധുക്കളാണ് ചാല സ്വദേശിയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്നും കർമം നടത്തി അസ്ഥി ശേഖരിച്ചത്.
ഇതറിഞ്ഞ ചാല സ്വദേശിയായ പരേതന്റെ ബന്ധുക്കളാണ് ശ്മശാനം ജീവനക്കാരനായ രഞ്ജനെ മർദിച്ചതെന്നാണ് പരാതി. ഇതേതുടർന്ന് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ ടൗൺ പൊലിസ് കേസെടെത്തു.
Kerala
കണ്ണൂർ: പി. ജയരാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. തെറ്റുതിരുത്തലെന്ന പിണറായി നിലപാട് തന്നെയാണ് ജയരാജനും പറഞ്ഞതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
ഭിന്നതയെന്ന വാദം തെറ്റെന്നും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. പി. ജയരാജന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. സംഭവത്തില് വിശദീകരണവുമായി പി. ജയരാജനും രംഗത്തെത്തിയിട്ടുണ്ട്.
പിണറായിയെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് പി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പിണറായി പ്രസംഗിക്കുന്നതിന് മുമ്പാണ് പോഡ്കാസ്റ്റ് ചിത്രീകരിച്ചത്. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്നായിരുന്നു ജയരാജന്റെ പോഡ്കാസ്റ്റിലെ പരാമർശം.
Kerala
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദ പൊലിസ് ജീപ്പ് സ്റ്റേഷൻ മാറ്റി. കണ്ണൂര് പിണറായിയിലെ പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് പത്ത് വർഷമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ വിശ്രമിക്കാനായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയത്. പകരം സംവിധാനം ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
പൊലിസ് ഉദ്യോഗസ്ഥർ ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങള് പോലുമില്ലെന്നത് നേരത്തെ ചര്ച്ചയായിരുന്നു. ഇപ്പോള് പുതിയ ഷെല്ട്ടര് വീടിന് സമീപം നിര്മ്മിക്കുമെന്നാണ് വിവരം.
KL 01 BR 9569 എന്ന ജീപ്പാണ് മാറ്റിയത്. പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജീപ്പില് പൊലിസ് കാവല് ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലിസുകാരുമാണ് ആ ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്.
Kerala
പേരാവൂർ: കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു. കല്യാണ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
പരിക്കേറ്റ അരുണിനെയും അഭിജിത്തിനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി സാമ്പത്തിക തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഎം. ഇരിട്ടി ഏരിയ കമ്മിറ്റിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.കോളജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം പിരിച്ചെടുത്തെന്നായിരുന്നു പരാതി.
സ്വാശ്രയ കോളജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു. എന്നാൽ കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ അഞ്ച് ഏക്കർ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രളയവും കോവിഡും പ്രതീകൂല സാഹചര്യമായെന്നും ഇരിട്ടി ഏരിയ കമ്മിറ്റി വ്യക്തമാക്കി. ഇതിനിടെ ആരംഭിച്ച പാരലൽ കോളജിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും ഏരിയ കമ്മിറ്റി കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്.
ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. ശനിയാഴ്ച തടവുകാർ തമ്മിൽ കത്തിക്കുത്തുണ്ടായിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. പിണറായിയുടെ സ്വരം ഭീഷണിയുടേതാണെന്നും തെറ്റുകൾ തിരുത്താൻ സിപിഎം നേതൃത്വം തയാറാകണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെതിരെ പിണറായി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസിലാക്കിയിട്ടുണ്ട്. എന്നാൽ അതിനെ വെല്ലുവിളിക്കുന്ന രീതിയാണ് പിണറായി സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മാസപ്പടി കേസ് പോലുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത്തരം വിഷയങ്ങളൊന്നും പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.
താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പയ്യന്നൂരിൽ വിജയിച്ചതെന്ന ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. ഇത്രയധികം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ പിന്നെ എന്ത് തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് സിപിഎം നടത്തിയത്? എന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ചോദ്യം. ഇപ്പോഴും ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടുപോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
തെറ്റുകൾ തിരുത്താൻ നേതൃത്വത്തിന് താൽപര്യമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം പാർട്ടിയുടെ ഭാഗമായിനിന്ന് പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാണ് പിണറായി വിജയൻ കുഞ്ഞികൃഷ്ണനെതിരെ ആരോപിച്ചത്. ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെല്ലാം കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായി.
ഇതോടെ ആളുകൾ സംശയാലുക്കളായെന്നും പിണറായി പറഞ്ഞു. ആര് തെറ്റ് ചെയ്താലും സിപിഎം നടപടിയെടുക്കും. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരാണെന്ന് നോക്കില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയെ തകർക്കാൻ ശ്രമിച്ച കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കൈയിലെ കോടാലിയായി മാറിയെന്നും പിണറായി വിമർശിച്ചിരുന്നു.
Kerala
കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം. നിക്ഷേപകരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോളജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം പിരിച്ചെടുത്തെന്നാണ് പരാതി.
2015ൽ ആണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.
1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളജ് ആരംഭിക്കുകയോ, പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യന്റെ വാദം. കോളജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ബിനോയ് കുര്യന് അറിയിച്ചു.
Kerala
കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലില് കാപ്പ തടവുകാര് തമ്മിൽ ഏറ്റുമുട്ടി. തര്ക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു.
കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയത്.
ഇതിനിടെ കണ്ണൂര് സ്പെഷ്യല് സബ് ജയിലില് ഉദ്യോഗസ്ഥന് തടവുകാരന്റെ മര്ദനത്തില് പരിക്കേറ്റു. പീഡനക്കേസില് റിമാന്ഡില് കഴിയുന്ന സുഹൈല് എന്നയാളാണ് ആക്രമണം നടത്തിയത്.
അസി. പ്രിസണ് ഓഫീസര് ചില്നേഷ് ചന്ദ്രനാണ് മര്ദനത്തില് പരിക്കേറ്റത്. അസി. സൂപ്രണ്ടിന്റെ പരാതിയില് കണ്ണൂര് ടൗണ് പaലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. വിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റു ചെയ്തു. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 20.5 ഗ്രാം എംഡിഎംഎയുമായി ഫൈസൽ വലയിലാകുന്നത്. ടോയിസ് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരം എസ്ഐ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്സിപിഒ ബിജു, സിപിഒമാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Kerala
കണ്ണൂർ: എളയാവൂരിലുണ്ടായ മണ്ണിടിച്ചിലിന് കാരണം റോഡ് നിർമാണത്തിലെ ഡിസൈൻ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ൽ സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തണം. ഇനിയൊരു അപകടം ഉണ്ടാകാൻ ഇടയാക്കരുതെന്നും അടിയന്തരമായി ഇതിനുള്ള പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. അതേസമയം, പ്രദേശത്ത് ദേശീയപാത അതോറിറ്റിയും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി.
Kerala
കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലിലേയ്ക്ക് ഹാഷിഷ് ഓയില് കടത്താന് ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. തടവുകാരനും ഹാഷിഷ് ഓയില് കൈമാറാന് ശ്രമിച്ചവര്ക്കും എതിരെ കണ്ണൂര് ടൗണ് പോലീസ് കേസെടുത്തു. സുഹൈല് എം, മുബീന് എന്നിവര്ക്കും റിമാന്ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സുഹൈല് മുഹമ്മദിനെ കാണാന് സെന്ട്രല് ജയിലില് എത്തിയത്.സംശയം തോന്നിയ സുരക്ഷ ജീവനക്കാര് തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചെങ്കിലും സുഹൈലില് നിന്ന് ഒന്നും കണ്ടെത്താനായില്ല.
സുഹൈല് ജയിലിനകത്തേക്ക് മുഹമ്മദിനായി കൈമാറിയ ചെരുപ്പ് പരിശോധിച്ചപ്പോഴാണ് രണ്ട് ചെരുപ്പുകളിലും ദ്വാരം ഉണ്ടാക്കി ഒളിപ്പിച്ച 0.5 ഗ്രാം ഹാഷിഷ് ഓയില് കണ്ടെത്തിയത്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരം മുബീനില് നിന്ന് വാങ്ങിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സുഹൈല് ചോദ്യം ചെയ്യലില് പോലീസിനോട് പറഞ്ഞു.
Kerala
കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. എളയാവൂരിലെ പ്രശ്നത്തിന് പൂർണതോതിലുള്ള പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു.
സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടി. ദേശീയപാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് വർഷം മുമ്പ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. 2023 ജൂലൈയിലും പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.
തുടർന്ന് ജനകീയ പ്രതിഷേധത്തെത്തുടർന്ന് സംരക്ഷണഭിത്തി നിർമിച്ച് മുകൾഭാഗത്ത് മണ്ണ് നിറച്ചിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. അതേസമയം സംരക്ഷണഭിത്തി തകരാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും ടി.ഒ.മോഹനൻ എംഎൽഎയും പറഞ്ഞു.
Kerala
വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്.
നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുക്കിയത്. ലയൺസ് ക്ലബിന്റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. മാവേലിയോടൊപ്പം നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്.
ഈമാസം അഞ്ചു മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്. അവിട്ടം വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം.
ജില്ലയുടെ ഓണാഘോഷങ്ങൾക്ക് തിളക്കം കൂട്ടുന്ന ഈ കൂറ്റൻ പൂക്കളം കാണാൻ നിരവധി ആളുകളാണ് ഇരുളം സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Kerala
കണ്ണൂര്: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില് നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല് കാര്യമായ സൂചനകള് ലഭിച്ചിട്ടില്ല. നാട്ടുകാര് സമൂഹ മാധ്യമങ്ങള് മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന് നടക്കുന്നുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ നേരത്തെ വിമർശിച്ചിരുന്നു. ഡോ. എം.കെ. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയാണ് കോടതി ഡിവൈഎസ്പിയുടെ സർവീസ് സംബന്ധിച്ച് ചോദിച്ചത്.
ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുകയാണെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലുണ്ടായ പിഴവുകളെ തുടർന്നാണ് ഡോ. റാമിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ വിട്ടയച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത ഡോ. റാം നിലവിൽ റിമാൻഡിലാണ്.
കേസിൽ ഡിവൈഎസ്പിയെ ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു. അറസ്റ്റിലെ വീഴ്ച ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതിനെ തുടർന്ന് അന്വേഷണസംഘത്തെയും മാറ്റിയിരുന്നു.
Kerala
പയ്യന്നൂര്: മഹാരാഷ്ട്രയില്നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വര്ണ വ്യാപാരിയുടെ കാര് തട്ടിയെടുത്ത് കവര്ച്ച നടത്തിയ സംഭവത്തില് രണ്ടുപേര്കൂടി അറസ്റ്റില്. മട്ടന്നൂര് പഴശിയിലെ സൗരവ് നിവാസില് സൗരവ് സുനി (30), മട്ടന്നൂര് ദേവര്കാട്ടെ വി.വി. ജ്യോതിഷ് (35) എന്നിവരെയാണ് കണ്ണൂര് റൂറല് എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒളിവില് കഴിയുന്നതിനിടെ കര്ണാടകയിലേക്ക് കടക്കാന് ശ്രമിക്കവേ കൂട്ടുപുഴയില് നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. മുമ്പ് തെളിവെടുപ്പിനായി കസ്റ്റഡിയില് വാങ്ങിയ പ്രതി അശ്വന്തിനെ ചോദ്യം ചെയ്തപ്പോള് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന് കഴിഞ്ഞത്.
എന്നാല്, കോടതിയില് ഹാജരാക്കിയ ഇവര്ക്ക് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ വീഴ്ചയാണ് ഈ സംഭവത്തില് നേരത്തെ അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത സാഹചര്യമുണ്ടായിട്ടും ഇവര്ക്ക് ജാമ്യം ലഭിക്കുന്നതിന് വഴിവച്ചതെന്നാണ് സൂചന.
മാലൂര് കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി കുട്ടു എന്ന ആരംഭന് ഹൗസില് ജിജില് (38), ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടി.
ജൂണ് രണ്ടിന് പുലര്ച്ചെ അഞ്ചിന് ദേശീയപാതയില് എടാട്ടാണ് സംഭവം. മഹാരാഷ്ട്രയില്നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര് ജലന്തര് നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര് തട്ടിയെടുത്ത് മുപ്പത് പവനോളം സ്വര്ണവും ഒന്നരകോടിയോളം രൂപയും കവര്ച്ച നടത്തിയ സംഭവമുണ്ടായത്.
District News
കണ്ണൂർ: നീന്തുന്നതിനിടെ കോയന്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അഴീക്കോട്ടെ കുളത്തിൽ മുങ്ങിമരിച്ചു.
കോയമ്പത്തൂർ സൗത്ത് പീലമേട് മുരുഗൻ നഗറിനു സമീപത്തെ ആനന്ദരാജ്-പ്രീതി ദന്പതികളുടെ ഏക മകൻ എ. അനിരുദ്ധ് കൃഷ്ണൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ അഴീക്കോട് ആനിവയൽ കുളത്തിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം എത്തിയാണു മൃതദേഹം പുറത്തെടുത്തത്.കോയമ്പത്തൂർ പിഎസ്ജി മെഡിക്കൽ കോളജ് എംബിബിഎസ് ഇന്റേൺ വിദ്യാർഥികളായ അനിരുദ്ധും പെൺസുഹൃത്തും ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് വാടകക്കെടുത്താണ് അഴീക്കോട് ആനിവയൽ കുളത്തിലെത്തിയത്. സുഹൃത്ത് കരയിൽ ഇരിക്കവേ അനിരുദ്ധ് നീന്താനിറങ്ങിയതായിരുന്നു.
കുളത്തിന്റെ മധ്യത്തിലെത്തിയതോടെ മുങ്ങിത്താണ അനിരുദ്ധ് സഹായം ആവശ്യപ്പെട്ട് നിലവിളിച്ചിരുന്നു. ഉച്ചസമയമായതിനാൽ കുളത്തിൽ വേറെ ആളുകൾ ഉണ്ടാവാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി.
കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഷായിബാസ്, ജിതിൻ, രാഗിൻകുമാർ, നിമേഷ്, വിജയ്, സുരാജ്, അനുജിത്ത് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Kerala
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച പ്രത്യേക ശിപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. അർജുൻ ആയങ്കിയെ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒമ്പത് ക്രിമിനൽ കേസുകളിൽ അർജുൻ ആയങ്കി പ്രതിയായിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആഭ്യന്തര മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകൾക്ക് പുറമെ സ്വർണം പൊട്ടിക്കൽ, സ്വർണക്കടത്ത് തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന് പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ കാപ്പ നടപടി നിലവിൽ വന്നത്. സംസ്ഥാന സർക്കാരും നടപടിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
District News
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ നടന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില് കുമാര് അധ്യക്ഷത വഹിച്ചു. ഓണവട്ടം പരിപാടിയില് ജില്ലാ കളക്ടര് പി. വിഷ്ണുരാജ് മാധ്യമപ്രവര്ത്തകരുമായി സംവദിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, ഇന്ഫര്മേഷന് ഓഫീസര് സി.പി. അബ്ദുൾ കരീം, സച്ചിന് സൂര്യകാന്ത് മഖേച്ച, സി. അനില്കുമാര്, അഡ്വ. കെ.കെ. ബല്റാം, കെ.പി. പ്രശാന്ത്, പി.ജെ. ജേക്കബ്, പി.ജെ. റെജി, കബീര് കണ്ണാടിപ്പറമ്പ് എന്നിവര് പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.
Kerala
കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പോലീസ് തയാറാക്കിയ കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി.
വളപട്ടണം എസ്എച്ച്ഒ തയാറാക്കിയ വിശദമായ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. അർജുൻ ആയങ്കിക്കെതിരെയുള്ള വിവിധ കേസുകളുടെയും പോലീസ് നടപടികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കാപ്പ ചുമത്തണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടറാണ്. പോലീസ് സമർപ്പിച്ച റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമായിരിക്കും കളക്ടറുടെ തീരുമാനം. കാപ്പ ചുമത്താൻ തീരുമാനിച്ചാൽ അത് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിക്ക് വിടും.
റിവ്യൂ കമ്മിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമായിരിക്കും തുടർനടപടികൾ. അർജുൻ ആയങ്കിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുണ്ടെന്ന പശ്ചാത്തലത്തിലാണ് കാപ്പ നടപടിക്കായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Kerala
കണ്ണൂർ: ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി എസ്എഫ്ഐ. പാലയാട് ക്യാമ്പസിൽ തിങ്കളാഴ്ച രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ച പരിപാടിക്കാണ് സർവകലാശാല അനുമതി നിഷേധിച്ചത്.
വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. എന്നാൽ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. നിശ്ചയിച്ച സമയത്ത് തന്നെ ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ് പറഞ്ഞു.
അതേസമയം പരിപാടി തടയില്ലെന്ന് സർവകലാശാല വ്യക്തമാക്കി. എന്നാൽ അനുമതിയില്ലാതെ പരിപാടി നടത്തിയാൽ വിദ്യാർഥികളിൽ നിന്ന് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുക്കാനം സ്വദേശി പ്രജിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: പരിസ്ഥിതിലോല മേഖല വിഷയത്തില് ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില് കൂടുതല് ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന് മഹാസംഘ്.
ജനവാസ മേഖലകളെ ഒഴിവാക്കി സംസ്ഥാന സർക്കാർ പല തവണ റിപ്പോർട്ട് കൊടുത്തിട്ടും അത് അംഗീകരിക്കാതെ ഭൂമിയുടെ ഉപയോഗത്തിനു കേന്ദ്ര സർക്കാർ അനാവശ്യ നിബന്ധനകൾ വയ്ക്കുകയാണെന്നും കിസാന് മഹാസംഘ് കുറ്റപ്പെടുത്തി.
2026 ലെ ഇഎസ്എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റു സംഘടനകളുമായി ചേർന്നു നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്കു നാളെ കണ്ണൂരിൽ തുടക്കം കുറിക്കും.
കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തുന്ന ഏകദിന ഉപവാസത്തോടെയാണു സംസ്ഥാനനതല പ്രക്ഷോഭത്തിനു തുടക്കം കുറിക്കുക. വിജ്ഞാപനത്തിനെതിരേ ആക്ഷേപം ബോധിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
Kerala
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപ തട്ടിപ്പിൽ ടി.കെ.ഗോവിന്ദൻ എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സിപിഎം നേതാവ് ഷാജിറിന് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഈ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയം പാർട്ടി കമ്മിറ്റികളിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തി നടപടിയുണ്ടാകുമെന്ന് സർക്കാർ തലത്തിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, എതിർദിശയിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് രണ്ട് ബസുകളും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ബസ് തകർന്ന് രൂപംമാറിയതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻതന്നെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികാരികളിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം.
സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്.
Kerala
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന് ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
Kerala
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടിയുമായി റവന്യൂ വകുപ്പ്. രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ലക്ഷ്യമാക്കി മൃതദേഹവുമായി പോയ ആംബുലൻസിൽ ഫ്രീസർ സൗകര്യമില്ലെന്ന കാര്യം തൃശൂർ ചാവക്കാട് എത്തിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹം വഴിയിൽവെച്ച് ആംബുലൻസിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് മരിച്ചത്.
Kerala
കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തില് ഭര്ത്താവ് ആസിഫിനെതിരെ പോലീസ് ലുക്കൗട്ട് സര്ക്കുലര് പുറപ്പെടുവിച്ചു. കേസില് പ്രതിയായ ആസിഫ് ദുബായിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്ന്നാണ് പോലീസിന്റെ കര്ശന നടപടി. കഴിഞ്ഞ ജൂലൈ 28-നാണ് റിസയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്.
ഭര്ത്താവിന്റെ ക്രൂരമായ ഗാര്ഹിക പീഡനവും ലഹരി ഉപയോഗവുമാണ് റിസയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു. ആസിഫിന്റെ സ്ഥിരമായ ലഹരി ഉപയോഗം ചോദ്യം ചെയ്തപ്പോഴൊക്കെ റിസയ്ക്ക് ക്രൂരമായ മര്ദ്ദനമേല്ക്കേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
സംഭവത്തില് റിസ കൂട്ടുകാരിക്ക് അയച്ച നിര്ണായകമായ വാട്സ്ആപ്പ് സന്ദേശങ്ങള് പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ഊര്ജിതമാക്കിയ പോലീസ്, വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള് ലുക്കൗട്ട് സര്ക്കുലര് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് കെ.കെ. രാഗേഷിന്റെ വിവാദ പരാമർശം. ഇതിനിടെ പയ്യന്നൂരിലെ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതിരിക്കാനാണെന്നും രാഗേഷ് വ്യക്തമാക്കി.
അതേസമയം പയ്യന്നൂരിൽ സിപിഎം പ്രശ്നമുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നാണ് വി. കുഞ്ഞികൃഷ്ണന്റെ ആരോപണം. 22 കേസുകൾ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്തെന്നും ഇതിൽ 21 കേസുകൾ തനിക്കെതിരെയുള്ള അക്രമമാണെന്നും വി കുഞ്ഞികൃഷ്ണൻ എംഎൽഎ ആരോപിച്ചു.
Kerala
കണ്ണൂർ: പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർഥി കെ.പി. അമാൻ ആണ് മരിച്ചത്. കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില് രക്ഷാപ്രവര്ത്തനത്തിനിടെ ഒഴുക്കില്പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്ണടാക വനംവകുപ്പ് സംയുക്ത സംഘം കര്ണാടക വനത്തില് തെരച്ചില് ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
District News
കണ്ണൂർ: നിശ്ചയിച്ച കാലാവധി പൂര്ത്തിയാവുന്നതിനു മുമ്പേ സെന്സസ് 2027 ന്റെ ഒന്നാം ഘട്ട വിവരശേഖരണം നൂറു ശതമാനം പൂര്ത്തിയാക്കിയ ജില്ലയിലെ സെന്സസ് ഉദ്യോഗസ്ഥരെ പ്രിന്സിപ്പല് സെന്സസ് ഓഫീസര് കൂടിയായ ജില്ലാ കളക്ടര് പി. വിഷ്ണുരാജ് അഭിനന്ദിച്ചു.
ജില്ലയില് ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിലെയും (എച്ച്എല്ബി) മുഴുവന് വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണം സമയബന്ധിതമായി പൂര്ത്തിയാക്കാനായത് മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ടീം വര്ക്കിന്റെ വിജയമാണിത്. എന്യുമറേറ്റര്മാരും സൂപ്പര്വൈസര്മാരും ഉള്പ്പെടെ നാലായിരത്തിലേറെ വരുന്ന ജീവനക്കാരുടെ തികഞ്ഞ സമര്പ്പണവും ആസൂത്രണവും ഇതിനു പിന്നിലുണ്ട്.
തനിക്ക് മികച്ച ഒരു പഠനാനുഭവമായിരുന്നു സെന്സസെന്നും ജില്ലാ കളക്ടര് പറഞ്ഞു. ജീവനക്കാരില് അര്പ്പിച്ച വിശ്വാസം അന്വര്ഥമാക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രകടനം. പലരും രാപ്പകല് ഭേദമില്ലാതെയാണ് തങ്ങളുടെ ലക്ഷ്യം പൂര്ത്തീകരിക്കാനായി യത്നിച്ചത്. സെന്സസ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതില് ജില്ലാതല ഉദ്യോഗസ്ഥര്, ചാര്ജ് ഓഫീസര്മാര് ഉള്പ്പെടെയുള്ളവര് മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് കാഴ്ചവച്ചതെന്നും അവരെ അഭിനന്ദിക്കുന്നതായും ജില്ലാ കളക്ടര് പറഞ്ഞു. ഉദ്യോഗസ്ഥര്ക്കുള്ള മെമന്റോ ജില്ലാ കളക്ടര് വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറില് നടന്ന അനുമോദനച്ചടങ്ങില് അസിസ്റ്റന്റ് കളക്ടര് എസ്. സ്വാതി, എഡിഎം പി.എന്. പുരുഷോത്തമന്, കന്റോണ്മെന്റ് സിഇഒ ഡോ. ബി.ഒ. പ്രശാന്ത് കുമാര്, ഹുസൂര് ശിരസ്തദാര് രാജേഷ് ഖന്ന, സെന്സസ് ചാര്ജ് ഓഫീസര്മാരായ തഹസില്ദാര്മാര്, നഗരസഭാ സെക്രട്ടറിമാര്, സെന്സസ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.