കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ആറിൽ ഭൂരിപക്ഷം ഉയർത്തുന്നതിനെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ചിന്തിച്ചിരുന്നത്. എന്നാൽ, ഇക്കുറി പാർട്ടികോട്ടകളിൽ ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എൽഡിഎഫും സിപിഎമ്മും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ കല്യാശേരി, മട്ടന്നൂർ, ധർമടം, തലശേരി എന്നിവടങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തളിപ്പറന്പിലും പയ്യന്നൂരിലും ഈസി വാക്കോവർ അല്ലെന്ന തിരിച്ചറിവിൽ കഠിന പരിശ്രമത്തിലാണ് എൽഡിഎഫ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവരാണ് കണ്ണൂരിൽനിന്നു ജനവിധി തേടുന്നവരിൽ പ്രമുഖർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്പതിൽ എൽഡിഎഫിനായിരുന്നു വിജയം. രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ഒമ്പത് മണ്ഡലം ഒപ്പം നിർത്തുകയെന്നത് എൽഡിഎഫിന് കടുത്ത വെല്ലുവിളിയാണ്. എന്നാൽ, കഴിഞ്ഞ തവണ വിജയിച്ച ഇരിക്കൂറും പേരാവൂരും നിലനിർത്തുകയും ഒപ്പം കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുമാണ് യുഡിഎഫിന്റെ പോരാട്ടം. സീറ്റ് പ്രതീക്ഷയില്ലെങ്കിലും വോട്ട് വർധനയാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സിറ്റിംഗ് സീറ്റുകൾക്ക് പുറമെ നാല് മണ്ഡലങ്ങളിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നത് യുഡിഎഫിന് പ്രതീക്ഷ നല്കുന്നുണ്ട്. കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ്, തളിപ്പറന്പ് മണ്ഡലങ്ങളിലാണ് മുന്നേറ്റമുണ്ടാക്കിയത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂത്തുപറന്പിൽ മേൽക്കൈ നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വിസ്മയ പോരാട്ടങ്ങൾ നടക്കുന്ന തളിപ്പറന്പിനും കണ്ണൂരിനും പുറമെ കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ് മണ്ഡലങ്ങളിലും പോരാട്ടം ശക്തമായിരിക്കും.
വിസ്മയ പോരാട്ടം
സിപിഎമ്മിന്റെ പാർട്ടി കോട്ടകളിൽ വിള്ളൽ വീഴ്ത്തിയായിരുന്നു കണ്ണൂരിൽ തെരഞ്ഞെടുപ്പ് അങ്കക്കളരിയുണർന്നത്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉയർത്തിയ ബോംബാണ് ഉഗ്രപ്രഹരമുണ്ടാക്കിയത്. നേതൃത്വത്തിനെതിരെ രംഗത്തുവന്ന അദ്ദേഹം പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി തളിപ്പറന്പിൽ മത്സരിക്കുകയാണ്.
സിപിഎമ്മിലെ പി.കെ.ശ്യാമളയാണ് എതിരാളി. 2021 ൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ അന്നത്തെ എതിർസ്ഥാനാർഥി കോൺഗ്രസിലെ വി.പി. അബ്ദുൽ റഷീദിന് സാധിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ വോട്ട് വർധനയ്ക്കു പിന്നാലെയാണ് ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. ഇതെല്ലാം മണ്ഡലത്തിൽ പോര് വർധിപ്പിച്ചു. എന്നാൽ, തളിപ്പറന്പിൽ മുൻ കെപിസിസി അംഗം യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് യുഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്.
പയ്യന്നൂരിൽ എൽഡിഎഫിലെ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെതിരേ മത്സരിക്കുന്നത് ആരോപണം ഉയർത്തിക്കൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനാണ്. പയ്യന്നൂരിലെ പാർട്ടി കോട്ടകളിൽ കുഞ്ഞികൃഷ്ണനുള്ള സ്വാധീനവും എൽഡിഎഫിനെ ഭയചകിതനാക്കുന്നുണ്ട്. വിവാദങ്ങളും വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി പ്രചാരണം ഇവിടെ ശക്തമാണ്. എന്നാൽ, മറുകണ്ടം ചാടിയവരെ സ്ഥാനാർഥിയാക്കിയതിൽ പയ്യന്നൂരിലും തളിപ്പറന്പിലും കോൺഗ്രസിൽ ചില്ലറ പ്രശ്നങ്ങളുണ്ട്.
കണ്ണൂരിലും പേരാവൂരും പോരാട്ടം ശക്തം
സിപിഎമ്മിലെ പൊട്ടിത്തെറി അനുകൂലമാക്കാൻ യുഡിഎഫ് കളത്തിലിറങ്ങിയ വേളയിലാണ് കോൺഗ്രസിൽ കെ.സുധാകരന്റെ കലാപക്കൊടി. എംപിയായ അദ്ദേഹത്തിന് കണ്ണൂർ സീറ്റ് വേണമെന്ന നിലപാട് കോൺഗ്രസിനെ പുലിവാല് പിടിപ്പിച്ചു. എംപിമാർക്ക് സീറ്റില്ലെന്ന നിലപാട് കോൺഗ്രസ് കടുപ്പിച്ചതോടെയാണ് സുധാകരൻ അടങ്ങിയത്. എന്നാൽ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഉയർത്തിയ കോലാഹലം പൂർണമായി കെട്ടടങ്ങിയിട്ടില്ല.
സുധാകരന്റെ എതിർചേരിയിലെ ടി.ഒ. മോഹനനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി. തദ്ദേശത്തിലും ലോക്സഭയിലും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കണ്ണൂർ മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനാണ് യുഡിഎഫ്. എന്നാൽ, ഹാട്രിക് വിജയം ഉറപ്പിച്ചാണ് കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലെ പ്രചാരണം. എൽഎഡിഎഫിന്റെ ഘടകകക്ഷിയായ കോൺഗ്രസ്-എസ് മത്സരിക്കുന്ന ഏക മണ്ഡലമാണ് കണ്ണൂർ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ എത്തിയതോടെയാണ് പേരാവൂരിൽ പോര് കനത്തത്. 2011 മുതൽ സണ്ണി ജോസഫാണ് ഇവിടെ എംഎൽഎ. 2006ൽ പേരാവൂരിൽ നിന്ന് വിജയിച്ച ശൈലജ 2011 ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ട് മണ്ഡലമിറങ്ങിയതാണ്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിലും 2026ൽ മൂന്നാമങ്കത്തിന് ഇവർ വീണ്ടും പേരാവൂരിൽ എത്തുമ്പോൾ വിജയം പ്രവചനാതീതമാണ്.
അട്ടിമറി ലക്ഷ്യമിട്ട് കൂത്തുപറന്പും അഴീക്കോടും
യുഡിഎഫിന്റെ ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്ന രണ്ടിടത്തും ഇക്കുറി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. ഒന്ന് അഴീക്കോട്ടും മറ്റൊന്ന് കൂത്തുപറന്പും. രണ്ടിടങ്ങളിലും പോരാട്ടം ശക്തമാണ്. അഴീക്കോട് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ കെ.വി. സുമേഷിനെതിരേയാണ് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി മത്സരിക്കുന്നത്.
ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അത് അനുകൂലമായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കൂത്തുപറന്പിൽ നിലവിലുള്ള സിറ്റിംഗ് എംഎൽഎ കെ.പി. മോഹനന് പകരം പി.കെ. പ്രവീണാണ് മത്സരിക്കുന്നത്. ലീഗിന്റെ വനിതാ സ്ഥാനാർഥിയായ ജയന്തി രാജാണ് യുഡിഎഫിൽ മത്സരിക്കുന്നത്. എന്നാൽ, കൂത്തുപറന്പും അഴീക്കോടും ഇക്കുറി കൈയിൽ ഒതുങ്ങുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
Tags : Kannur Amazing battles Kerala Assembly Election Niyama Sabha Election