കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കണ്ണൂർ ഡെന്റൽ കോളജിന്റെ നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിതിൻ രാജിന്റെ മരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി നിതിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളജിലെ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
Tags : Nitin Raj kerala police kannur dental college