കണ്ണൂർ: ജില്ലയിൽ ഷിഗെല്ല ഉൾപ്പെടെയുള്ള ഭക്ഷ്യ-ജല ജന്യ രോഗം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 94 സ്ക്വാഡ്കൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകളിൽ ഉൾപ്പെടെ 108 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതും ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 108 സ്ഥാപനങ്ങൾക്കും ലീഗൽ നോട്ടീസ് നൽകി.
ഒരു ഭക്ഷ്യ പാനീയ വില്പന ശാല അടച്ചുപൂട്ടാൻ നിർദേശിച്ചു. പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിന് 18,000 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടി കർശനമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു.
Tags : Inspections