മുംബൈ: ഉദ്ധവ് താക്കറെ പക്ഷ എംപിമാരെ തങ്ങളുടെ പക്ഷത്തേക്കു സ്വാഗതം ചെയ്ത് ഷിൻഡെ പക്ഷ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ പ്രതാപ് സർനായിക്.
കഴിഞ്ഞ ദിവസം ഉദ്ധവ് പക്ഷ എംപി സഞ്ജയ് ദേശ്മുഖ് മന്ത്രി സർനായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത ലോക്സഭാ എംപിമാരുടെ യോഗത്തിൽനിന്ന് കുടുംബപ്രശ്നം ചൂണ്ടിക്കാട്ടി സഞ്ജയ് ദേശ്മുഖ് വിട്ടുനിന്നിരുന്നു.
ഉദ്ധവ് പക്ഷത്തെ ഒന്പത് എംപിമാരിൽ നാലു പേർ മാത്രമാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ, സഞ്ജയ് പാട്ടീൽ എന്നീ എംപിമാരാണ് ഉദ്ധവ് വിളിച്ചുചേർത്ത യോഗത്തിൽ നേരിട്ടു പങ്കെടുത്തത്.
ഓംപ്രകാശ് രാജെ നിംബാൽക്കർ, ഭാവുസാഹെബ് വാക്ചൗരേ, നാഗേഷ് ബാപ്പുറാവു പാട്ടീൽ അഷ്ടികർ, സഞ്ജയ് ദേശ്മുഖ് എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തെന്ന് ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
മറ്റൊരു എംപിയായ സഞ്ജയ് ജാദവ്, ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. ഒന്പത് എംപിമാരിൽ ഏഴു പേരെങ്കിലും കൂറു മാറിയാലേ അയോഗ്യത ഒഴിവാകൂ.
Tags : Uddhav's party MPs Shinde's party welcomes Minister Pratap Sarnaik