കൊച്ചി: കാര്‍ഷികമേഖലയിലെ കുടുംബശ്രീ സംരംഭകത്വ പദ്ധതിയായ പുനര്‍ജീവനത്തിലൂടെ ഉത്പാദിപ്പിച്ച മധുരക്കിഴങ്ങിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കെ-ഇനം ബ്രാന്‍ഡിലൂടെ ആഗോളവിപണിയിലേക്ക്.
അട്ടപ്പാടിയിലെ തദ്ദേശീയ മേഖലകളില്‍ സുസ്ഥിരമായ കാര്‍ഷിക ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) -കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ( സിടിസിആര്‍ഐ) സംയുക്തമായി ട്രൈബല്‍ സ്പെഷല്‍ പ്രോജക്ട് വഴി നടപ്പിലാക്കിയതാണ് പുനര്‍ജീവനം പദ്ധതി.
മധുരക്കിഴങ്ങിന്റെ ഉയര്‍ന്ന വിളവ് തരുന്ന ഹൈബ്രിഡ് ഇനങ്ങളുടെ നടീല്‍വസ്തുക്കളും ആവശ്യമായ കാര്‍ഷിക യന്ത്രസാമഗ്രികളും പ്രദേശത്തെ വനിതാ കര്‍ഷകര്‍ക്ക് നേരിട്ടു ലഭ്യമാക്കുകയും ശാസ്ത്രീയ കൃഷിരീതികളില്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കുകയും ചെയ്തതിലൂടെ അട്ടപ്പാടിയിലെ മധുരക്കിഴങ്ങ് കൃഷി വന്‍ വിജയമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശീയ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. മധുരക്കിഴങ്ങ് ഉത്പന്നങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യവര്‍ധനയ്ക്കു വിധേയമാക്കി കൂടുതല്‍ വാണിജ്യസാധ്യതയുള്ള പ്രീമിയം ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വനിതാ കര്‍ഷകര്‍ക്ക് നേരിട്ട് ഉയര്‍ന്ന വരുമാനവും ശാസ്ത്രീയമായ വിപണനസാധ്യതകളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഔദ്യോഗികമായി ലൈസന്‍സ് ചെയ്തു നല്കിയ 12തരം നൂതന മധുരക്കിഴങ്ങ് അധിഷ്ഠിത സാങ്കേതികവിദ്യകളാണ് ഈ ഉത്പന്ന നിര്‍മാണത്തിലുള്ളത്.
പുനര്‍ജീവന മധുരം പദ്ധതിയുടെ ഉത്പന്ന ലോഞ്ചിംഗ് 18ന് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിന്റെ ഹാളില്‍ മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും.
Tags : Kudumbashree Punarjeevana Madhuram global market