നീലേശ്വരം: നീലേശ്വരത്തെ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ആര്‍ഡിഒ കെ.ആര്. മനോജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍ഡിഒയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധിളും ജനകീയ സമരസമിതി ഭാരവാഹികളും പങ്കെടുത്തു. മുന്‍പ് തീരുമാനിച്ചതുപ്രകാരം 22നകം നിര്‍ദ്ദിഷ്ട പണികളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിന്റെ പുരോഗതി വിലയിരുത്താന്‍ 20നു വീണ്ടുമൊരു അവലോകനയോഗം ചേരുമെന്നും ആര്‍ഡിഒ വ്യക്തമാക്കി.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി ജില്ലിപ്പൊടിയിട്ട് കുഴികള്‍ നികത്തിയത് കാരണം കടുത്ത പൊടിശല്യത്താല്‍ ജനജീവിതം ദുസഹമായ അവസ്ഥ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തര നടപടിയായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലി പൂര്‍ത്തിയാക്കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടു.
രാജാ റോഡ് മുതല്‍ പോലീസ് സ്റ്റേഷന് വരെയുള്ള ഡ്രെയ്നേജ് പണിയില്‍ വീണ്ടും രണ്ടാമതൊരു വൈദ്യുത തൂണിന് സമീപം ഓവുചാല്‍ വളച്ചുകൊണ്ട് നിര്‍മിക്കുന്നതിന്റെ തെളിവുകള്‍ സമരസമിതി നിരത്തി. ഈ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ നിര്‍ദേശം നല്കി. പോലീസ് സ്റ്റേഷന് സമീപമുള്ള അണ്ടര്‍പാസിനടുത്തുള്ള സര്‍വീസ് റോഡില്‍ സ്ലാബ് പൊട്ടിയിട്ട് രണ്ടുമാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ജനകീയ സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന് ഇന്നു വൈകുന്നേരത്തിനകം പരിഹാരം കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം തെരു റോഡില്‍ വലിയ ലോറി തട്ടി വൈദ്യുത കമ്പി പൊട്ടി വീണ് വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍വീസ് റോഡിന്റെയും ഓവുചാലിന്റെയും പണി എത്രയും വേഗം തീര്‍ത്ത് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആര്‍ഡിഒ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ജനകീയസമരസമിതിയെ പ്രതിനിധീകരിച്ച് ശ്രീനാഥ് ശശി, ഡി. രാജന്, മഹമൂദ് കോട്ടായി, പ്രകാശന് കൊട്ടറ എന്നിവര്‍ പങ്കെടുത്തു. എന്നാൽ ജനകീയ സമര സമിതി പ്രതിനിധികളോടൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി ചെയര്‍മാനും കര്‍മസമിതി അംഗങ്ങളും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ബല്ല വയലിലെ റോഡ് നിര്‍മാണം ഇഴയുന്നു
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡില്‍ കുറ്റിക്കാല്‍ ബല്ല വയലിലെ 200 മീറ്റര്‍ റോഡിന്റെ നിര്‍മാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ജനുവരി 20 മുതല്‍ മൂന്നുമാസത്തേക്ക് റോഡ് അടിച്ചിട്ടത്. ഇതിന്റെ പേരില്‍ നാട്ടുകാരും സ്കൂള്‍ വിദ്യാര്‍ഥികളും ദുരിതയാത്രയാണ് ഇപ്പോഴും നടത്തുന്നത്. മറ്റുവഴികളിലൂടെയാണ് ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതുകാരണം മടിക്കൈ ഭാഗത്ത് നിന്നും ബല്ല സ്കൂളിലേക്കും മടിക്കൈ അമ്പലത്തുകരയില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കൃത്യസമയത്ത് സ്കൂളിലെത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഏപ്രില്‍ 19നു റോഡ് തുറന്നുനല്‍കുമെന്ന് പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ നല്കിയ ഉറപ്പ് വെറുതെയായി.
റോഡ് പണി വൈകാന്‍ കാരണം കരാറുകാരന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് സിപിഎം ബല്ല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അതേസമയം റോഡ് പ്രവൃത്തി വൈകാന്‍ കാരണം സിപിഎമ്മിന്റെ കഴിവുകേടാണെന്നും അതു മറച്ചുവയ്ക്കുന്നതിനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ 10 വര്‍ഷവും സംസ്ഥാനം ഭരിച്ചിട്ടും നഗരസഭ ഭരണം കൈയാളുമ്പോഴും കുറ്റിക്കാല്‍ പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തി
കരിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. അധികാരത്തില്‍ ഇരിക്കുമ്പോള്‍ കൈയും കെട്ടി നോക്കി നിന്നവര്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരം നടത്തുന്നത് പരിഹാസ്യമാണ്. എത്രയും വേഗം പണികള്‍ പൂര്‍ത്തികരിച്ച് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ബിജെപി നേതൃത്വം മുന്നറിയിപ്പ് നല്കി.