ഇംഗല്‍വുഡ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും സംഘർഷാത്മകവും ചര്‍ച്ചാ വിഷയവുമായ ഇറാന് x ന്യൂസിലന്‍ഡ് മത്സരം 2-2 സമനിലയില്‍.
കലിഫോര്‍ണിയ, ഇംഗല്വുഡിലെ സോഫി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മേന്പൊടിയുള്ളതായിരുന്നു. പോരാട്ടം ശീലമാക്കിയ ഇറാന്, ന്യൂസിലന്‍ഡിനോട് രണ്ടു തവണ പിന്നിലായശേഷമാണ് സമനില സ്വന്തമാക്കിയത്.
ഏഴാം മിനിറ്റില്‍ ഏലിയ ജെസ്റ്റിലൂടെ ന്യൂസിലന്‍ഡ് ലീഡ് നേടി. എന്നാല്‍, റാമിന് റെസെയാന് (32) ഗോള്‍ മടക്കി. രണ്ടാം പകുതിക്ക് ഒമ്പത് മിനിറ്റ് പ്രായമായപ്പോള്‍ ഏലിയ ജെസ്റ്റ് വീണ്ടും ഇറേനിയന്‍ വലയില്‍ പന്ത് നിക്ഷേപിച്ചു. മത്സരത്തില്‍ ജെസ്റ്റിന്റെ രണ്ടാം ഗോള്‍. ന്യൂസിലന്‍ഡിന്റെ ഈ ആഹ്ലാദത്തിനും അല്പായുസേ ഉണ്ടായിരുന്നുള്ളൂ. 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബിയിലൂടെ ഇറാന് രണ്ടാമതും ഒപ്പമെത്തി.
ഇറേനിയൻ ഫുട്ബോള്‍ ഫെഡറേഷനും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും വരെ വീസയും ടിക്കറ്റും നിഷേധിക്കപ്പെട്ടിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടീമിന്റെ ബേസ് ക്യാമ്പ് മെക്സിക്കോയിലാണ്.
ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍ നടക്കും. മത്സരത്തിന്റെ തലേന്ന് അമേരിക്കയില്‍ എത്തുകയും മത്സരം കഴിഞ്ഞ് മെക്സിക്കോയിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇറേനിയൻ ടീമിന്റെ ഷെഡ്യൂള്‍.
Tags : Courage Iran FIFA World Cup Football