തിരുവില്വാമല: വില്വമലക്കാർ ചോദിക്കുന്നു തരംതാഴ്ത്തിയ ആശുപത്രിക്ക് ആരോഗ്യം വീണ്ടുകിട്ടുമോ ? തിരുവില്വാമല കുടുംബാരോഗ്യകേന്ദ്രത്തില് എക്സ് റേ യൂണിറ്റ്, ക്വാർട്ടേഴ്സ്, രാത്രികാല സേവനം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ കടലാസിനും വാക്കിലും ഒതുങ്ങിയിട്ട് നാളുകളായി.
അപകടാവസ്ഥയിലായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ച്, കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നൊക്കെ അധികൃതർ പറഞ്ഞിരുന്നെങ്കിലും ആശുപത്രി തരംതാഴ്ത്തി, ഉള്ള സൗകര്യങ്ങൾ ഇല്ലാതാകുന്ന അവസ്ഥ തുടരുകയാണിപ്പോഴും. വെറും ഒപി നോക്കുന്ന സംവിധാനംമാത്രമായി ഈ ആരോഗ്യകേന്ദ്രം. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ വീഴുന്നതിനുമുമ്പ് പൊളിച്ചെങ്കിലും ആ സ്ഥാനത്ത് എക്സ് റേ യൂണിറ്റിനുപകരം മാലിന്യം സൂക്ഷിക്കാനുള്ള ഷെഡാണ് പണിതിരിക്കുന്നത്. മാലിന്യം സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ കുഴൽപൊട്ടി നാളുകളായി ഉപയോഗശൂന്യമാണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി തരംതാഴ്ത്തിയതോടെ ഓഫീസും ഫയലുകളും ഇവിടെനിന്ന് കൊണ്ടുപോയിരുന്നു. വണ്ടിയും ഡ്രൈവറുമടക്കമുള്ള ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഇവിടെനിന്ന് മാറ്റിയിട്ടും ആശുപത്രിയോടുള്ള അവഗണന അവസാനിക്കുന്നില്ല. എന്നാൽ ആശുപത്രി ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ്.
അലങ്കാരത്തിന് സൂപ്രണ്ട് പദവിയിലുള്ള ഡോക്ടറൊക്കെ ഉണ്ടുതാനും. ആശുപത്രി തരംതാഴ്ത്തിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് നാട്ടുകാർ പരാതി നൽകിയിരുന്നു. പാലക്കാട് ജില്ലയോട് ചേർന്നുള്ള ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതിനിടെയായിരുന്നു തരംതാഴ്ത്തൽ നടപടി.
തിരുവില്വാമലയിലേയും പരിസരപ്രദേശങ്ങളിലേയും സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. രാവിലെ ഒപി വിഭാഗത്തിൽ എന്നും നല്ല തിരക്കാണ്. എന്നാൽ ആറുമണി കഴിഞ്ഞാൽ രോഗികൾ ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായിരുന്ന സർക്കാർ ആശുപത്രികളെല്ലാം എക്സ്റേ, ഒപി വിഭാഗം എല്ലാം വർധിപ്പിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സൗകര്യങ്ങൾ കുറയുന്ന അവസ്ഥയാണ്.
2018ൽ സർക്കാർ തീരുമാനത്തിന്റെ ഭാഗമായി എൻഎച്ച്എം ഫണ്ട് വരുന്നത് ബ്ലോക്കിനു കീഴിലുള്ള തൊട്ടടുത്ത പഞ്ചായത്തിലെ പഴയന്നൂർ ആശുപത്രിയിലേക്ക് മാത്രമേ ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളുവത്രെ. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വച്ച് ചെറിയ കാര്യങ്ങൾ മാത്രമേ ഇവിടെ ചെയ്യാൻ കഴിയൂ. എൻഎച്ച്എം ഫണ്ട് ഇവിടെ ഉപയോഗപ്പെടുത്തണമെങ്കിൽ സർക്കാർ തലത്തിൽ ഇടപെടൽവേണം. ആറുമണി കഴിഞ്ഞാൽ അത്യാസന്നനിലയിൽ കൊണ്ടുവരുന്ന രോഗികളുടെ മരണം സ്ഥിരീകരിക്കാൻപോലും ഡോക്ടറില്ലാത്ത അവസ്ഥയാണ്. മറ്റ് ആശുപത്രികളിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചാൽ പോസ്റ്റുമോട്ടം നടത്തേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ടിവിടെ. മുഴുവൻസമയ ഡോക്ടർ, എക്സറേ സംവിധാനം, നല്ല ക്വാട്ടേഴ്സ് അങ്ങനെയുള്ള സ്വപ്നങ്ങളൊക്കെ മറന്ന മട്ടിലാണ് വില്വമലക്കാ