ജീവന്റെ നിലനിൽപ്പിനു ജലം അത്യാവശ്യമാണ്. എന്നാൽ, മനുഷ്യന്റെ പാദങ്ങൾക്കടിയിൽ അതീവ രഹസ്യമായ മറ്റൊരു സുപ്രധാന പങ്കു കൂടി ജലം വഹിക്കുന്നുണ്ട്. ഭൂവൽക്കത്തിനു തൊട്ടുതാഴെയുള്ള കട്ടിയുള്ള പാളിയായ 'മാന്റൽ' ദശലക്ഷക്കണക്കിനു വർഷങ്ങളായി പതുക്കെ ചലിക്കുന്നത് ഈ ജലത്തിന്റെ സഹായത്താലാണ്. ഈ പ്രക്രിയയാണ് ടെക്ടോണിക് പ്ലേറ്റുകളുടെ ചലനത്തെ നയിക്കുന്നത്. ഇതു ഭൂമിയുടെ കാലാവസ്ഥയെ സമതുലിതമായി നിലനിർത്താൻ സഹായിക്കുന്നുവത്രെ!
2,900 കിലോമീറ്റർ വരെ ആഴത്തിൽ?
ഭൂമിയുടെ ആഴങ്ങളിൽ ജലം കൃത്യമായി എവിടെയാണു സംഭരിക്കപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും, എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ചും ശാസ്ത്രജ്ഞർ കാലങ്ങളായി ഗവേഷണം തുടരുകയാണ്. ഇതേക്കുറിച്ചു രണ്ടു വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. ഭൂമിയുടെ രൂപീകരണ ഘട്ടത്തിൽ ഛിന്നഗ്രഹങ്ങൾ വഴിയാണു ജലം എത്തിയതെന്നു ഒരു വിഭാഗം വാദിക്കുന്പോൾ, ആദ്യകാലത്ത് വരണ്ട അവസ്ഥയിലായിരുന്ന മാന്റലിൽ പിൽക്കാലത്താണു ജലം രൂപപ്പെട്ടതെന്നു മറ്റൊരു വിഭാഗം വാദമുയർത്തുന്നു. 'നേച്ചർ ജിയോസയൻസ്' എന്ന പ്രമുഖ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭൂമിക്കടിയിലെ അപൂർവധാതുക്കളിൽ വൻതോതിൽ ജലമുണ്ടെന്നു വിവരിക്കുന്നു.
ഭൂമിയുടെ അന്തരീക്ഷവും കാലാവസ്ഥയും നിലനിർത്തുന്നതിൽ ഉപരിതലത്തിലെ ജലം മാത്രമല്ല, ഭൂമിക്കടിയിലെ മാന്റൽ പാളിയിലുള്ള ജലാംശവും വലിയ പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 660 മുതൽ 2,900 കിലോമീറ്റർ വരെ ആഴത്തിൽ, മാന്റലിനും ദ്രാവക രൂപത്തിലുള്ള ഔട്ടർ കോറിനും ഇടയിലുള്ള അതിർത്തിയിലാണ് വലിയ തോതിൽ ജലം സംഭരിക്കപ്പെടാൻ സാധ്യതയുള്ള പുതിയ മേഖല ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.