പയ്യാവൂർ: ഇന്നലെ ഇടവിട്ട് ഉണ്ടായ ശക്തമായ മഴയിൽ മലയോരം കടുത്ത ഭീതിയിൽ. ചന്ദനക്കാംപാറ, ആടാംപാറ, ചീത്തപ്പാറ, കാഞ്ഞിരക്കൊല്ലി, ആനയടി പ്രദേശവാസികൾ ഉരുൾ പൊട്ടൽ ഭീതിയിലാണ്. മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായതിൽ ഏറെയും പുഴയോരത്താണ്. വണ്ണായിക്കടവ് പുഴ ഇന്നലെ ഉച്ചയ്ക്ക് രണ്ടുതവണ കരകവിഞ്ഞു. പിന്നീട് വെള്ളമിറങ്ങിയെങ്കിലും രാത്രിയിലും ഭീതി നിലനിൽക്കുന്നുണ്ട്. ഏറെനേരം ഗതാഗതം തടസപ്പെടുകയുണ്ടായി.
ശ്രീകണ്ഠപുരം നഗരസഭ, വിവിധ പഞ്ചായത്ത് ജനപ്രതിനിധികൾ ഓരോ മണിക്കൂറിലും മഴ ജാഗ്രത മുന്നറിയിപ്പുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. മെംബർമാരും വിലയിരുത്തൽ നടത്തിവരുന്നു. പോലീസ് രാത്രിക്കാല പട്രോളിംഗും നടത്തുന്നുണ്ട്. ഇരിക്കൂർ, കോട്ടൂർ, നുച്യാട്, വഞ്ചിയം, ഏരുവേശി, വെമ്പുഴ പുഴ കളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
ഇന്നലെ രാത്രി വരെ ശക്തമായി പെയ്ത മഴയിൽ ചെറുതോടുകളിൽ ജലനിരപ്പ് ഉയർന്നു. പൊടിക്കളം മടമ്പം റോഡിലും വെള്ളം ഉയരുന്നുണ്ട്. എന്നാൽ പ്രധാന പാലങ്ങളായ കണ്ടകശേരി, ഏറ്റുപാറ, വെമ്പുവ എന്നിവിടങ്ങളിൽ വെള്ളം കയറി ഒഴുകുന്ന സ്ഥിതി ഉണ്ടായില്ല. വണ്ണായികടവ് റോഡിനു സമീപം രാത്രിയിൽ റോഡിന് തൊട്ട് വെള്ളം ഒഴുകുന്ന സ്ഥിതി ഉണ്ടായിരുന്നു. കാഞ്ഞിരക്കൊല്ലി അളകാപുരിയിലും ഏഴരക്കുണ്ടിലും മലവെള്ളപാച്ചിൽ ശക്തമാണ്. ശ്രീകണ്ഠപുരം കോട്ടൂർ പുഴയിലും ഒഴുക്ക് ശക്തമാണ്.